devaswam

തൃശൂർ: കൊവിഡ് കാലത്തെ വൻ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രധാനക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യത്തിന് തുടക്കമിട്ടു. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിലെ വഴിപാട് ബുക്കിംഗാണ് ഇന്നലെ തുടങ്ങിയത്.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റു പ്രധാനക്ഷേത്രങ്ങളായ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, വടക്കുന്നാഥൻ, തൃപ്പൂണിത്തുറ, തൃപ്രയാർ, തിരുവില്വാമല, എറണാകുളം, നെല്ലുവായ് എന്നീ ക്ഷേത്രങ്ങളിൽ താമസിയാതെ ഈ സൗകര്യം ആരംഭിക്കും. അതത് ക്ഷേത്രങ്ങളുടെ വെബ്ബ്‌സൈറ്റ് വഴി വഴിപാടുകൾ ബുക്ക് ചെയ്യാവുന്ന രീതിയിലാണ് സംവിധാനം. തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ www.thiruvanchikulammahadevatemple.org എന്ന സൈറ്റിൽ വഴിപാടുകൾ ബുക്ക് ചെയ്യാം. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ശേഷമാണ് വെബ്‌സൈറ്റ് പ്രവർത്തനക്ഷമമാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളവും പെൻഷനും മുൻമാസങ്ങളിൽ വൈകിയത് ജീവനക്കാരിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ മാസം സർക്കാരിന്റെ ഫണ്ട് ലഭിച്ചതോടെ ശമ്പളം നൽകാൻ കഴിയുന്നുണ്ട്. ലോക്ഡൗണിന്റെ ആദ്യ മാസങ്ങളിൽ ശമ്പളവും പെൻഷനും ഏപ്രിൽ, മേയ് മാസങ്ങളിൽ കൃത്യമായി നൽകിയിരുന്നു. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ജൂണിലെ ആദ്യവാരത്തിൽ തുറന്നെങ്കിലും ഭക്തരുടെ എണ്ണം വളരെ കുറവാണ്. വരുമാനം പൂർണമായി നിലച്ചതിന് പിന്നാലെ ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്നും വാടക വരുമാനം കുറഞ്ഞതും തിരിച്ചടിയായി. വഴിപാട് ഓൺലൈനിൽ സമർപ്പിച്ചാൽ അയച്ചു കൊടുക്കാവുന്ന പ്രസാദങ്ങൾ ഭക്തർക്ക് ലഭ്യമാക്കാനുളള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രൊഫ. സി.എം മധു, സ്‌പെഷ്യൽ ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി വി.എ ഷീജ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ രാജൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി. വിമല, അസിസ്റ്റന്റ് കമ്മിഷണർമാരായ പി.ഡി ശോഭന, കെ.കെ കല, കെ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ: 406

സ്വൈപിംഗ് മെഷീൻ സൗകര്യമുള്ളത്: 16

'' കൊവിഡ് കാലത്ത് കൂടുതൽ ഭക്തർക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്. അതേസമയം, ഈയിടെയായി കൂടുതൽ ഭക്തർ ക്ഷേത്രത്തിലെത്താൻ തുടങ്ങിയിട്ടുണ്ട്.

എ.ബി മോഹനൻ
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌