തൃശൂർ: പാർട്ടി പ്രവർത്തനത്തിലെ പ്രകടനം വിലയിരുത്തിയ ശേഷമേ ഇനി ബി.ജെ.പിയിൽ ഭാരവാഹിത്വം ലഭിക്കൂ. ആർ.എസ്.എസ് നേതൃത്വവുമായി ഇന്നലെ കൊച്ചിയിൽ നടന്ന ചർച്ചയിലാണ് ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ആർ.എസ്.എസ് നേതൃത്വത്തിനൊപ്പം ഒരു പൊതു തന്ത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച്ച.
പുന:സംഘടനയിൽ കുമ്മനം രാജശേഖരനെ പരിഗണിക്കാത്തതിൽ ആർ.എസ്.എസ് അതൃപ്തി ദേശീയ ജനറൽ സെക്രട്ടറിയെ അറിയിച്ചു. ആർ.എസ്.എസ് നേതാക്കളായ പ്രാന്തപ്രചാരക് ഹരീഷ് കുമാർ, പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളുടെ പ്രകടനം സംസ്ഥാന - ദേശീയ നേതൃത്വങ്ങൾ വിലയിരുത്തും. വാർഡ്, ബൂത്ത് കമ്മിറ്റികൾ മുതൽ സംസ്ഥാന ചുമതലയുള്ളവരുടെ വരെ പ്രവർത്തനം വിലയിരുത്തും. ഓരോ ഭാരവാഹിയും സ്ഥാനത്ത് തുടരണോ എന്ന് നിശ്ചയിക്കും.
മോശം പ്രകടനമുള്ളവരുടെ സ്ഥാനം തെറിക്കും.