കൊടകര: കൃത്യമായി മാസ്ക് ധരിച്ചിട്ടില്ലേ, കൈകൾ അണുവിമുക്തമാക്കിയിട്ടില്ലേ... എങ്കിൽ നിങ്ങൾക്ക് സഹൃദയ എൻജിനിയറിംഗ് കോളേജ് ഹാളിലേക്ക് പ്രവേശിക്കാനാകില്ല. ഇതെല്ലാം പരിശോധിക്കാൻ ഇവിടെയൊരു യന്ത്രമുണ്ട്, കൊവിഡ് മാസ്ക് ഹണ്ടർ.
വാതിൽക്കൽ എത്തുന്ന ആളുകളുടെ മുഖം സെൻസർ ചെയ്യുന്ന കാമറ ആളുകൾ മാസ്‌ക് ശരിയായവിധം ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗപ്പെടുത്തിയാണ് പരിശോധന. മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽ ആവശ്യപ്പെടും. മാസ്‌ക് ശരിയായി വച്ചാൽ കൈകൾ അണുവിമുക്തമാക്കാൻ ആവശ്യപ്പെടും.
ഓട്ടോമാറ്റിക് സാനിറ്റൈസർ യന്ത്രത്തിന്റെ അടിയിലേക്ക് കൈ നീട്ടിയാൽ കൈകൾ അണുവിമുക്തമാക്കാം. തുടർന്ന് ബാരിക്കേഡ് തനിയെ തുറക്കും, കോളേജിനകത്തേക്ക് പ്രവേശിക്കാനുമാകും.
സഹൃദയ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ ഉപകരണത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള അദ്ധ്യക്ഷനായി. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. വിഷ്ണു രാജൻ, ഡോ. ഗനകിങ്, പ്രൊഫ. അഞ്ജു ബാബു എന്നിവരും വിദ്യാർത്ഥികളും ചേർന്നാണ് ഉപകരണം നിർമിച്ചത്.