vayanasala
പരിയാരം ഗ്രാമീണ വായനശാലയുടെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: മതേതരജനാധിപത്യങ്ങളുടെ കടയ്ക്കൽ കോടാലിവയ്ക്കുന്ന ഇക്കാലത്ത് ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പരിയാരം ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഗ്രന്ഥശാലകൾ, അമേച്വർ നാടകം എന്നിവയ്ക്കായി ജില്ലാ പഞ്ചായത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് താൽക്കാലികമായി ഇവയെല്ലാം മന്ദഗതിയിലായതെന്നും മേരി തോമസ് കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് യോഗത്തിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, വായനശാലാ പ്രസിഡന്റ് പി.വി. ഷിബു, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി ജോസഫ്, പഞ്ചായത്തംഗങ്ങളായ സിനി ഡേവിസ്, സിന്ധു ഷോജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാലൻ, ജ്യോതിസ് ജോസ് എന്നിവർ പ്രസംഗിച്ചു.