പുതുക്കാട്: കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ മറവാഞ്ചേരിയിൽ കുറുമാലിപ്പുഴ കൈയേറുന്നു. പുഴയിൽ നിന്നും കരിങ്കൽ കൊണ്ട് കെട്ടി നികത്തുന്ന പ്രവൃത്തികൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. മറവാഞ്ചേരി ഉഴിഞ്ഞാൽപാടം പാലത്തിനടുത്ത് പാടത്തു നിന്നുള്ള തോട് പുഴയിൽ ചേരുന്ന സ്ഥലത്താണ് കൈയ്യേറ്റത്തിന് ശ്രമിച്ചത്. പുഴയോരം ഇടിഞ്ഞ ഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിക്കാൻ കളക്ടറുടെ അനുമതിയുണ്ടെന്നാണ് സ്ഥലമുടമയുടെ വാദം. ആറ് മീറ്റർ വരുന്ന ഭാഗം സംരക്ഷണമതിൽ കെട്ടാൻ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയുണ്ടെന്നും പറയുന്നു. എന്നാൽ ഇവിടെ സംരക്ഷണഭിത്തി കെട്ടിയാൽ പുഴയുടെ വീതി കുറയുന്ന അവസ്ഥയിലാവും. ഇത് പുഴ വീതി കുറഞ്ഞ് ഒഴുക്ക് തടസ്സപ്പെടുമെന്നും പുഴവഴി മാറി ഒഴുകാനിടയാക്കുമെന്നും നാട്ടുകാർ ഭയക്കുന്നു. കഴിഞ്ഞ
രണ്ട് പ്രളയങ്ങളും സാരമായി ബാധിച്ച പ്രദേശങ്ങളാണ് മറവാഞ്ചേരി, ചെങ്ങാലൂർ ഭാഗങ്ങൾ. ഇടിഞ്ഞുപോയ പുഴയോരം സംരക്ഷിക്കാനെന്ന വ്യാജേന ആറ് മീറ്റർ പുഴ നികത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊതുപ്രവർത്തകനായ വിജു തച്ചങ്കുളം പറഞ്ഞു. പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് പറയുന്നു.