പാവറട്ടി: എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി ഗ്രാമത്തിന്റെ ദേശപ്പഴമയെ ഭൂപടമാക്കി രൂപ കൽപന ചെയ്തിരിക്കുകയാണ് കാക്കശ്ശേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ.1970- 72 കാലഘട്ടമാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പടത്തമ്പലത്തിനു സമീപം വടക്കൂട്ട് ഉണ്ണികൃഷ്ണനാണ് ഭൂപടം ഒരുക്കുന്നത്.
മൂന്നു മാസത്തെ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് ഉണ്ണിക്കൃഷ്ണൻ ഭൂപടം തയ്യാറാക്കിയത്. കാക്കശ്ശേരിയുടെ ചരിത്രം പുസ്തമാക്കാനാണ് ഉണ്ണിക്കൃഷ്ണൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. ഇതിനായി എഴുത്ത് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയിരുന്നു. ദേശപ്പഴമ പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് ഉണ്ണിക്കൃഷ്ണന്റെ ലക്ഷ്യം. പുസതകത്തേക്കാൾ കൂടുതൽ ഭൂപടത്തിൽ ആകൃഷ്ടരാകും എന്ന തിരിച്ചറിവിലാണ് പുതിയ ഉദ്യമത്തിനിറങ്ങിയത്.
ഫ്‌ളക്‌സിൽ പ്രിന്റ് ചെയ്ത് മാപ്പ് കാക്കശ്ശേരി ഗവ. എൽ.പി സ്കൂളിന് കൈമാറാനാണ് ഉണ്ണിക്കൃഷ്ണൻ ആഗ്രഹിക്കുന്നത്. കൂടാതെ ഭട്ടതിരിപ്പാടിന്റെ സ്മരണ നിലനിറുത്തുവാൻ പുതുതലമുറ മുന്നോട്ടു വരണമെന്നും പറയുന്നു.
പഴമയുടെ ഭൂപടത്തിൽ
എളവള്ളി പഞ്ചായത്തിലെ ബ്രഹ്മകുളം വില്ലേജിൽ ഒന്നര കിലോമീറ്ററിലാണ് കാക്കശ്ശേരി ദേശം കിടക്കുന്നത്. കിഴക്ക് കൊച്ചിൻ ഫ്രോണ്ടിയർ തോടും പടിഞ്ഞാറ് കോഴിത്തോടും അതിർത്തി പങ്കിടുന്നു. കൊച്ചുഗ്രാമത്തിൽ 13 മനകളുമുള്ളതായി പറയപ്പെടുന്നു. ഇതിൽ ചെങ്കുളത്ത് മനയുടെയും മംഗലത്ത് മനയുടെയും അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. മനകളോട് ചേർന്നുള്ള അത്ഭുത കിണറുകളും നിരവധി തോടുകളും കുളങ്ങളും പാടങ്ങളും വേനൽക്കാല വഴികളെല്ലാം ഇന്നില്ലെങ്കിലും ഭൂപടത്തിൽ സൂചനകൾ നൽകിയിട്ടുണ്ട്.
പതിനെട്ടര കവികളിൽ പ്രഗൽഭനായ കാക്കശ്ശേരി ദാമോദരൻ ഭട്ടതിരിപ്പാട് ചെങ്കുളത്ത് മനയിലാണ് താമസിച്ചിരുന്നതത്രെ. 'വലിയവരമ്പ് ' എന്ന് ആദ്യം അറിയപ്പെട്ടിരുന്ന ഇവിടെ വരുന്ന വിവിധ കാക്കകളെ ഭട്ടതിരിപ്പാട് തിരിച്ചറിയാൻ തുടങ്ങിയതോടെ കാക്കത്തിരി എന്ന് നാട് അറിയപ്പെട്ടു. പിന്നീട് കാക്കശ്ശേരിയായി രൂപാന്തരപ്പെടുകയായിരുന്നത്രെ.