തൃശൂർ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തരെ തേടി തീവ്രയജ്ഞം ഒരുങ്ങുന്നു. വിവിധ യുവജന സംഘടനകളുടെ സഹായത്തോടെ കൂടുതൽ രക്തദാതാക്കളെ കണ്ടെത്തി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാമ്പയിനുകൾ നടത്താനാണ് ശ്രമം. പ്ലാസ്മ ലഭിക്കാത്ത പ്രശ്‌നം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മയാണ് ഉപയോഗിക്കുന്നത്. പതിനെട്ടിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. ഗർഭിണികളെയും മറ്റ് രോഗമുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. സാധാരണ രക്തദാനത്തേക്കാൾ ലളിതമാണിത്. രോഗം ഭേദമായി 28 ദിവസം കഴിഞ്ഞവർക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നൽകാം.
പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന കൊവിഡ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി വഴി നിരവധി രോഗികളെ രക്ഷിക്കാനായിട്ടുണ്ട്. വെൻ്റിലേറ്ററിൽ അതീവഗുരുതരാവസ്ഥയിലായിരുന്ന രോഗികളിലും ചികിത്സ ഫലപ്രദമായി. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായി.
കൊവിഡ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തിൽ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികൾ ശരീരത്തിൽ അവശേഷിക്കും. ഇതുവഴിയാണ് കൊവിഡ് കോൺവലസന്റ് പ്ലാസ്മ പരീക്ഷിക്കുന്നത്.
ആദ്യപ്ളാസ്മ തെറാപ്പി
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചത് കഴിഞ്ഞ ജൂണിൽ തൃശൂർ, മഞ്ചേരി മെഡിക്കൽ കോളേജുകളിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗി തൃശൂരിൽ പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചു.
കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ന്യൂഡൽഹിയിൽ നിന്നെത്തിയ 51 കാരനാണ് പ്ലാസ്മ തെറാപ്പി ആദ്യം പരീക്ഷിച്ചത്. രോഗിയുടെ ആരോഗ്യനിലയിൽ വന്ന പുരോഗതി വലിയ ആത്മവിശ്വാസമാണ് ആരോഗ്യവകുപ്പിന് നൽകിയത്.
ജീവിതത്തിലേക്ക് 50 ലേറെപ്പേർ
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നാല് മാസത്തിനിടെ അമ്പതിലേറെപ്പേർ പ്ളാസ്മതെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. സർക്കാരിന്റെയും ഐ.സി.എം.ആറിന്റെയും മാർഗനിർദേശം അനുസരിച്ചാണ് അതീവ ഗുരുതരാവസ്ഥയിലുളള രോഗികളിൽ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നത്.
''പ്ലാസ്മ ദാനം ചെയ്യാൻ രോഗമുക്തർ കൂടുതലായി തയ്യാറായാൽ കൊവിഡ് ചികിത്സയ്ക്ക് അത് വലിയ നേട്ടമാകും. യുവജന സംഘടനകൾ ഇതിനായി മുന്നോട്ട് വരുന്നത് സഹായകമാകും.''
- ഡോ. സജിത്ത്, അസോ. പ്രൊഫസർ, ബ്ളഡ് ബാങ്ക്, ഗവ. മെഡിക്കൽ കോളേജ്, മുളങ്കുന്നത്തുകാവ്