തൃപ്രയാർ: ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാട്ടിക പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ബഹളം. തീരുമാനമെടുക്കാതെ യോഗം അലസിപ്പിരിഞ്ഞു. ഇത് മൂന്നാം തവണയാണ് യോഗം ചേരുന്നത്. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ഗീതാഗോപി എം.എൽ.എ അഞ്ച് കോടി അനുവദിച്ചിരുന്നു.
അഞ്ച് കോടി രൂപ വിനിയോഗിച്ച് മൂന്ന് നിലയായി ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്നും കൂടുതൽ തുകയുപയോഗിച്ച് ഏഴ് നിലയിൽ നിർമ്മിക്കണമെന്നുമുള്ള രണ്ടഭിപ്രായമാണ് നിർമ്മാണം നീണ്ടുപോവാൻ കാരണം. കഴിഞ്ഞ ജനുവരി 15ന് ഗീതാഗോപി എം.എൽ.എ വിളിച്ച ആദ്യയോഗം തീരുമാനമെടുത്തില്ല. പുതിയ പ്ളാനുമായി നാട്ടിക പഞ്ചായത്ത് വീണ്ടും യോഗം ചേർന്നു. യോഗത്തിലേക്ക് എം.എൽ.എയെ വിളിക്കാത്തത് വിവാദമായി. തുടർന്നാണ് ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്നത്. നാട്ടിക ശ്രീനാരായണ ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യാപാരി വ്യവസായി ഭാരവാഹികളും പങ്കെടുത്തു.
സാദ്ധ്യതാ പഠനം പോലും നടത്താതെ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ യോഗത്തിൽ പ്രതിഷേധമുയർന്നു. സർക്കാരിന്റെ അഞ്ച് കോടി രൂപ ഉപയോഗിച്ച് ബസ് സ്റ്റാൻഡ് നവീകരണം നടത്തണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പ്രകടിപ്പിച്ചത്. എന്നാൽ ഷോപ്പിംഗ് കോംപ്ളക്സും മൾട്ടിപ്ളക്സ് തിയേറ്ററും ഉൾപ്പെടെ ഏഴ് നിലയോട് കൂടിയ കെട്ടിടം നിർമ്മിക്കണമെന്ന കോൺഗ്രസ് പ്രതിനിധികളുടെ ആവശ്യമാണ് ബഹളത്തിൽ കലാശിച്ചത്. നാട്ടികയിലെ ജനങ്ങളെ വിഡ്ഡികളാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ശ്രമിക്കുന്നതെന്ന് ബി.ജെ.പിയും സി.പി.എമ്മും ആരോപിച്ചു.
നിലവിലെ നിയമം അനുസരിച്ച് ഏഴ് നില പ്രായോഗികമല്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. 56 സെന്റ് സ്ഥമാണ് ബസ് സ്റ്റാൻഡിന് ആകെയുള്ളത്. കോൺഗ്രസുകാർക്കെതിരെ സി.പി.എം, ബി.ജെ.പി പ്രവർത്തകർ അദ്ധ്യക്ഷ വേദിക്കടുത്തെത്തി പ്രതിഷേധിച്ചു. കോൺഗ്രസുകാരും ബഹളവുമായെത്തിയതോടെ യോഗം കൈയാങ്കളിയിലെത്തുമെന്ന പ്രതീതിയായി.
അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് യോഗം ഉടൻ അവസാനിപ്പിച്ചു. സ്ഥലത്തിന്റെ സാദ്ധ്യതാപഠനവും മറ്റ് കാര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനീയർക്ക് ഗീതാഗോപി എം.എൽ.എ നിർദ്ദേശം നൽകി. എന്നാൽ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റ് പി. വിനു പ്രകടിപ്പിച്ചത്. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, പി.എം അഹമ്മദ്, ലാൽസിംഗ് ഇയ്യാനി, എ.കെ ചന്ദ്രശേഖരൻ, അനിൽ പുളിക്കൽ, ഷൈൻ തട്ടുപറമ്പിൽ, യു.കെ ഗോപാലൻ, വി.വി പ്രദീപ് എന്നിവർ സംസാരിച്ചു.