
സൈബർ പോര് മുറുക്കി
കോൺഗ്രസും സി.പി.എമ്മും
തൃശൂർ: 'ലൈഫ് മിഷനിലൂടെ കിട്ടുന്ന വീട് ഇല്ലാതാക്കരുതെ"ന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട നീതു ജോൺസിനായുള്ള വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ കാത്തിരിപ്പ് വിഫലമായെങ്കിലും, സമൂഹ മാദ്ധ്യമങ്ങളിൽ കോൺഗ്രസ് - സി.പി.എം പോര് മുറുകുന്നു. ട്രോളുകളും ആരോപണങ്ങളും കൊണ്ട് നിറയുകയാണ് സമൂഹ മാദ്ധ്യമങ്ങൾ.
ലൈഫ് പദ്ധതിയുടെ തട്ടിപ്പിലെ സി.ബി.ഐ അന്വേഷണത്തെ കിടപ്പാടമില്ലാത്ത വൃദ്ധരുടെയും കുട്ടികളുടെയും പേരിൽ മറയ്‌ക്കാനുള്ള സി.പി.എമ്മിന്റെ പാപ്പരത്തമാണ് നീതുവിന്റെ സൃഷ്ടിയെന്നാണ് എം.എൽ.എയുടെ ആരോപണം. എന്നാൽ നീതുവിനെ അനിൽ അക്കര വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് ഇടത് അനുയായികളുടെ ആരോപണം. മാനസികമായ പ്രയാസമുള്ളത് കൊണ്ടാകാം നീതുവിന് വരാൻ കഴിയാത്തതെന്നും എം.എൽ.എയോ കൗൺസിലർ സൈറാബാനുവിനെയോ ബന്ധപ്പെടാമെന്നും രമ്യ ഹരിദാസ് എം.പിയും ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം നീതുവിനായുള്ള സഹായ പ്രഖ്യാപനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തുടരുകയാണ്.
വിഫലമായ കാത്തിരിപ്പ്
പ്ലസ്ടു വിദ്യാർത്ഥിനിയെന്ന് പറയുന്ന നീതുവിനെ കണ്ട് പ്രശ്നം പരിഹരിക്കാൻ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതലാണ് അനിൽ അക്കര എം.എൽ.എ എങ്കക്കാട് മങ്കര റോഡിൽ കാത്തിരുന്നത്. രമ്യ ഹരിദാസ് എം.പിയും കോൺഗ്രസ് കൗൺസിലർ സൈറബാനുവും ഒപ്പമുണ്ടായിരുന്നു. എന്നാൽ നീതു വന്നില്ല.
മങ്കരയിൽ നഗരസഭയുടെ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്ന നീതു ജോൺസൺ എന്ന വിദ്യാർത്ഥിനി എം.എൽ.എയ്ക്ക് എഴുതിയെന്ന പേരിലുളള കത്ത് ആഗസ്റ്റ് 23 മുതലാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ 24ന് സി.ബി.ഐ കേസെടുത്തതിനെ തുടർന്ന് സി.പി.എം സൈബർ പ്രവർത്തകർ വീണ്ടും ഈ കത്ത് പോസ്റ്റർ രൂപത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും എം.എൽ.എ ആരോപിക്കുന്നു. തുടർന്ന് വടക്കാഞ്ചേരി സ്റ്റേഷനിൽ പരാതിയും നൽകി.