തൃശൂർ: പടിഞ്ഞാറെക്കോട്ടയിലെ മാനസിക ആരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി 98.37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അറിയിച്ചു. കിഫ്ബി മുഖേനയാണ് ഇതിനുള്ള പണം വകയിരുത്തിയത്.
സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി ഇൻകെലിനെ സർക്കാർ നിശ്ചയിച്ച് വിശദമായ പദ്ധതിരേഖ കിഫ്ബിയിൽ സമർപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ അന്തർദേശീയ നിലവാരമുള്ള മാനസിക ആരോഗ്യകേന്ദ്രമായി ഇത് മാറും.
മാനസികാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ പൂർണമായി പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ 2.15 കോടി രൂപ അനുവദിച്ച് നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും. മോഡേൺ സൈക്യാട്രിക് വാർഡ് 4 കോടി രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചു. രണ്ടാംഘട്ട നിർമാണത്തിന് 5കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
1.26 കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച ഫോറൻസിക് വാർഡിന്റെയും 1.66 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഡയറ്ററി യൂണിറ്റിന്റെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. പബ്ലിക് ഹെൽത്ത് ലാബ് നിർമിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കും. മാനസിക ആരോഗ്യകേന്ദ്രത്തിനുള്ളിലെ റോഡുകളുടെ നിർമ്മാണത്തിന് 25 ലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
തുക അനുവദിച്ചത്
ഒ.പി, കാഷ്വാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് - 22.26 കോടി രൂപ
റസിഡൻഷ്യൽ ബ്ലോക്കിന് - 4.74 കോടി രൂപ
റിഹാബിലിറ്റേഷൻ ബ്ലോക്കിന്- 4.56 കോടി രൂപ
ഡീ-അഡിക്‌ഷൻ സെന്ററിന്- 4.98 കോടി രൂപ
സ്ത്രീകളുടെ ഇൻപേഷ്യന്റ് ബ്ലോക്കിന്- 12.74 കോടി രൂപ
പുരുഷന്മാരുടെ ബ്ലോക്ക് നിർമ്മാണത്തിന്- 21.18 കോടി
സ്‌പെഷ്യൽ വാർഡ് നിർമ്മാണത്തിന്- 2.57 കോടി
ഹാഫ്‌വേ ഹോംസ് നിർമ്മിക്കാൻ- 1.66 കോടി
വെൽനെസ് കഫേക്ക് - 1.42 കോടി
മറ്റുള്ള സേവനങ്ങൾക്കായി- 22.24 കോടി രൂപ