pipe-line-
എടത്തിരുത്തി പറയൻ കടവിൽ ശുദ്ധജല വിതരണത്തിന്റെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കുന്നു.

കയ്പമംഗലം: കാലവർഷത്തിലും തീരദേശ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പെരിഞ്ഞനം, മതിലകം, കയ്പമംഗലം,​ എടത്തിരുത്തി, എസ്.എൻ പുരം മേഖലയിലാണ് ആഴ്ചകളോളമായി ശുദ്ധജല വിതരണം മുടങ്ങുന്നത്. മേഖലയിലെ നിരവധി വീടുകളിൽ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും ടിപ്പു സുൽത്താൻ റോഡ് അടക്കമുള്ള പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പത്തോളം പഞ്ചായത്തുകളിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ പൊട്ടിയതാണ് ശുദ്ധജല വിതരണം തടസപെടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതിനിടയിൽ വെള്ളാനി ശുദ്ധജല സംഭരണിയിൽ നിന്നുള്ള പൈപ്പ് ലൈൻ എടത്തിരുത്തി പറയൻ കടവിൽ പൊട്ടിയത് ശുദ്ധജല ക്ഷാമം രൂക്ഷമാക്കി. ഇതിന്റെ അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ശുദ്ധജല വിതരണം പുനരാരംഭിക്കാനായിട്ടില്ല. പറയൻ കടവിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ എടത്തിരുത്തി , മതിലകം, പെരിഞ്ഞനം, എസ്.എൻ.പുരം കയ്പമംഗലം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് മതിലകം വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചിരുന്നു.

മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാലീഹിന്റെ നേതൃത്വത്തിൽ എല്ലായിടത്തും വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നോ , അധികൃതരുടെ ഭാഗത്തു നിന്നോ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടികളും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.