കാഞ്ഞാണി: അപകടത്തിലായ കാഞ്ഞാണി പെരുമ്പുഴ വലിയ പാലം ബലപ്പെടുത്താൻ സമർപ്പിച്ച എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും കിട്ടിയെങ്കിലും പാലം ബലപ്പെടുത്തൽ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്താനാളില്ല. കഴിഞ്ഞ 28ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നിന്ന് പെരുമ്പുഴ വലിയപാലം ബലപ്പെടുത്തൽ പ്രവൃത്തിക്കായി ഇ ടെൻഡർ വിളിച്ചെങ്കിലും ആരും തന്നെ ടെൻഡർ വിളിച്ചിരുന്നില്ല.
ഇതോടെ വീണ്ടും റീടെൻഡർ ഒക്ടോബർ അഞ്ചിന് വിളിച്ചു. ഇതിൽ പ്രതീക്ഷയുണ്ട് ബ്രിഡ്ജ് അധികൃതർക്ക്. എന്നാൽ രണ്ട് മാസമായി യാത്രാദുരിതത്തിലായ ജനം ആശങ്കയിലാണ്. ആഗസ്റ്റ് 14ന് പാലം ബലപ്പെടുത്താനായി 60.6 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി ധനകാര്യവകുപ്പിന് സമർപ്പിച്ചെങ്കിലും ഭണാനുമതി കിട്ടാൻ വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പാലം അപകടത്തിലായതോടെ പാലത്തിലൂടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കളക്ടർ നിരോധിച്ചതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായിരുന്നു.
മണലൂർ - അരിമ്പൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ നിലനിൽക്കുന്നതുമായ പെരുമ്പുഴ വലിയ പാലം അപകടത്തിലായതോടെ തൃശൂർക്കും മറ്റ് സമീപപ്രദേശങ്ങളിലേക്കും പോകുന്നതിന് പാലത്തിലൂടെ നടന്നുപോയിട്ടു വേണം ബസുകളിൽ കയറി ലക്ഷ്യസ്ഥാനത്തെത്താൻ. രാവിലെയും വൈകിട്ടും ചെറുവാഹനങ്ങളുടെ ഗതാഗതക്കുരുക്കും ജോലി സ്ഥലങ്ങളിൽ കൃത്യസമയത്ത് തന്നെ എത്തിപ്പെടാൻ കഴിയാത്തതും പരാതികളേറെ.
പൊലീസ് ട്രാഫിക് നിയന്ത്രിക്കുന്നുണ്ടെങ്കിലും ചെറുവാഹനങ്ങളുടെ പെരുപ്പം കൂടുതലായതിനാൽ പൊലീസും നിസഹായരാണ്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ പാലം ബലപ്പെടുത്തി സഞ്ചാരയോഗ്യമാക്കാൻ കഴിയുമെങ്കിലും ടെൻഡർ വെച്ച് പാലം ബലപ്പെടുത്തൽ വൈകുംതോറും ജനങ്ങളുടെ ഈ ദുരിതയാത്രയ്ക്ക് പരിഹാരം അകലെയാണ്.
"റീ ടെൻഡർ ഒക്ടോബർ അഞ്ചിന് വെച്ചിട്ടുണ്ട്. ഡിവിഷൻ ഓഫീസിൽ നിന്നാണ് ടെൻഡർ നടപടികൾ നടത്തുന്നത്.
സന്തോഷ് കുമാർ ബ്രിഡ്ജ്
അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ തൃശൂർ