life-

വടക്കാഞ്ചേരി: ലൈഫ് പദ്ധതി കോൺഗ്രസും, സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായി മാറുന്നു. ഇരുപാർട്ടികളും സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തലുകൾ തുടരുകയാണ്. ലൈഫ് ഭവനനിർമ്മാനം നിറുത്തിവച്ചതോടെ അനിൽ അക്കര എം.എൽ.എക്കെതിരെ സൈബർ പോരാട്ടം കടുപ്പിച്ചിരിക്കുയാണ് സി.പി.എം.

ചേരിയിലും, പുറമ്പോക്കിലും താമസിക്കുന്നവർക്കായി ഒരുക്കുന്ന ലൈഫ്മിഷൻ പാർപ്പിട പദ്ധതിയാണ് എം.എൽ.എ തകർത്തതെന്നാണ് വടക്കാഞ്ചേരി നഗരസഭയിലെ എൽ.ഡി.എഫ് ഭരണസമിതിയുടെ ആരോപണം. നഗരസഭയിൽ ഭവനമില്ലാത്തവർ ആരും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതിയിൽ വീട് പൂർത്തിയാക്കാൻ പറ്റാത്തവരുടെ വീടുകൾ ആദ്യം പൂർത്തിയാക്കിയെന്നും ഭൂമി ഉണ്ടായിട്ടും വീട് വയ്ക്കാനാകാത്ത 1808 പേർക്ക് പാർപ്പിടം നൽകിയെന്നും നഗരസഭ അവകാശപ്പെടുന്നുണ്ട്.

എന്നാൽ സി.പി.എമ്മിന്റേത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് അനിൽ അക്കര എം.എൽ.എ പറയുന്നു. പാവങ്ങൾക്ക് വീട് നൽകുന്ന പദ്ധതി താൻ എതിരല്ല, 140 കുടുബങ്ങൾക്ക് വീട് കിട്ടുന്ന പദ്ധതി മുടങ്ങരുത്. ഈ ഫ്ലാറ്റിലേക്ക് വഴി നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നാണ് തുക നൽകിയത്. എന്നാൽ ലൈഫ്മിഷൻ പദ്ധതിയുടെ പേരിൽ സർക്കാർ പാവങ്ങളെ മുതലെടുക്കുകയാണെന്ന് അനിൽ അക്കര ആരോപിച്ചു.

ഇരുപാർട്ടികളിലെയും സൈബർ പോരാളികൾ തമ്മിൽ പരസ്യമായും സമൂഹമാദ്ധ്യമങ്ങൾ വഴിയും വിഴുപ്പലക്കൽ തുടരുകയാണ്. പാർട്ടികളുടെ പോഷക സംഘനകളും പരസ്യമായി സമരരംഗത്തുണ്ട്. ലൈഫ് മിഷൻ വിവാദം കത്തിപ്പടരുന്നതിന്റെ അലയൊലി മൂലം വടക്കാഞ്ചേരി രാഷ്ട്രീയ യുദ്ധക്കളമായി മാറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുംതോറും രാഷ്ട്രീയ തെരുവുയുദ്ധം കൂടാനാണ് സാദ്ധ്യത.