kotta
കോട്ടപ്പുറം മാർക്കറ്റ് (ഫയൽ ചിത്രം)​

കൊടുങ്ങല്ലൂർ: കൊവിഡ് രോഗ ഭീഷണിയെ തുടർന്ന് മദ്ധ്യകേരളത്തിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ കോട്ടപ്പുറം മാർക്കറ്റ് നഗരസഭ അധികൃതർ അടച്ചു പൂട്ടി. പറവൂർ മാർക്കറ്റ് പൂളിലെ തൊഴിലാളിയും കോട്ടപ്പുറം മാർക്കറ്റിൽ കരാറുകാരന്റെ പണപ്പിരിവുകാരനുമായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. ഇയാൾ വ്യാപാരികൾ ഉൾപ്പെടെ നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെയെത്തി മാർക്കറ്റ് താത്കാലികമായി അടയ്ക്കുവാൻ നിർദ്ദേശം നൽകിയത്. ആഴ്ചയിൽ വ്യാഴം, തിങ്കൾ ദിവസങ്ങളിൽ നിയന്ത്രണങ്ങളോടെ നടന്നിരുന്ന ചന്ത ഇതോടെ നടക്കാതെയായി. കഴിഞ്ഞ ദിവസം മാർക്കറ്റിലെ കരാറുകാരന്റെ ജീവനക്കാരന് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. മാർക്കറ്റ് ദിവസം ഇയാൾ എല്ലാ കടകളിലും വഴിയോരത്ത് നടത്തുന്ന കച്ചവട സ്ഥാപനങ്ങളിലും കയറി പണം പിരിക്കുകയും ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്തിരുന്നു. പറവൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് മാർക്കറ്റിൽ എത്തിയവരുമായും ഇയാൾ ബന്ധപ്പെട്ടതായി പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാർക്കറ്റ് മാത്രമല്ല മാർക്കറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ കടകളും അടച്ചിടുവാൻ അധികൃതർ നിർദ്ദേശം നൽകിയത്.