തിരുവനന്തപുരം: ശയ്യാവലംബരായ രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും രാപ്പകലില്ലാതെ പരിചരിക്കുന്നവർക്ക് സാമൂഹിക സുരക്ഷാമിഷൻ നൽകുന്ന ധനസഹായം മുടങ്ങിയിട്ട് 17 മാസമായി. മാസം 600 രൂപ നൽകിയിരുന്ന ' ആശ്വാസകിരണം' പദ്ധതി കുടിശികയായതോടെ ഇക്കൂട്ടർ തുച്ഛ വരുമാനവും ഇല്ലാതായി ദുരിതത്തിലാണ്. 2018 ജൂൺ മുതലാണ് കുടിശികയായത്. ക്ഷേമ പെൻഷനുകളെല്ലാം കുടിശിക തീർത്ത് വിതരണം ചെയ്‌തപ്പോഴാണ് ആശ്വാസ കിരണം ഉപഭോക്താക്കളെ തഴഞ്ഞത്. കിടപ്പുരോഗികളെ ശുശ്രൂഷിക്കാൻ സമ്പന്നർ ഹോംനഴ്‌സുമാരെ നിയോഗിക്കുമ്പോൾ, അതിന് പാങ്ങില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടിയാണ് ധനസഹായം നൽകി പരിചാരകരെ വയ്ക്കാനുള്ള ആശ്വാസകിരണം പദ്ധതി 2010 ജനുവരി ഒന്നിന് സർക്കാർ തുടങ്ങിയത്. മാസം 600 രൂപയ്ക്ക് പരിചാരകരെ കിട്ടില്ലെങ്കിലും അത്രയെങ്കിലും ആകുമല്ലോ എന്നായിരുന്നു ആശ്വാസം. പോസ്റ്റോഫീസും ബാങ്കും വഴിയാണ് തുക നൽകിയിരുന്നത്. ബാക്കിയുള്ള കുടിശിക കഴിഞ്ഞ ഏപ്രിൽ വിതരണം പൂർത്തിയാക്കുമെന്നാണ് അന്നത്തെ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറായിരുന്ന ബിജു പ്രഭാകർ അറിയിച്ചിരുന്നത്. എന്നാൽ അതും പാഴ്‌വാക്കായി. ഇത്തരം രോഗികൾക്ക് മരുന്നിന് തന്നെ വലിയ തുക ആവശ്യമായി വരും. കൂടാതെ ഇടയ്ക്കിടെ മലമൂത്ര വിസർജനം നടത്തുന്നതിനാൽ വസ്ത്രങ്ങൾ മാറ്റണം. ഇതിനെല്ലാം പണം ആവശ്യമാണ്. നേരത്തെയും തുക മുടങ്ങിയിരുന്നതായി അനുഭവസ്ഥർ പറയുന്നു. പദ്ധതി വഴിയുള്ള തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കാണിച്ച് രോഗികളുടെ ബന്ധുക്കൾ മന്ത്രിമാർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി മാത്രം ഇനിയും അകലെയാണ്.
ഫണ്ടില്ല !
ഫണ്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2016ൽ 52,000 ഗുണഭോക്താക്കളായിരുന്നു. നിലവിൽ 1,23,000 പേരുണ്ട്. എല്ലാവർക്കും ധനസഹായം നൽകാൻ പ്രതിവർഷം 90 കോടി രൂപ വേണം. അപേക്ഷകരുടെ എണ്ണം കൂടിയതാണ് കുടിശിക വരാൻ കാരണമെന്നാണ് സാമൂഹ്യ സുരക്ഷാമിഷന്റെ പ്രതികരണം. ബഡ്‌ജറ്റിൽ അനുവദിച്ചിരുന്ന 41 കോടിയോളം രൂപ വിതരണം നടത്തിയെന്നും അധികൃതർ അറിയിച്ചു.
ഗുണഭോക്താക്കൾ
ക്യാൻസർ, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവ മൂലം ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികൾ, ശാരീരിക മാനസിക വൈകല്യമുള്ളവർ, പ്രായാധിക്യംമൂലം കിടപ്പിലായവർ, നൂറ് ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, എൻഡോസൾഫാൻ ബാധിതർ