erani-paramada
വെള്ളം കെട്ടി നിൽക്കുന്ന ഈരാണി പാറമട

കല്ലമ്പലം: കല്ലമ്പലം മേഖലയിലെ ഉപേക്ഷിക്കപ്പെട്ട പാറമടകൾ അപകട ഭീഷണി ഉയർത്തുന്നു. നിരവധി ക്വാറികളാണ്

കരവാരം, പള്ളിക്കൽ, മടവൂർ, നാവായിക്കുളം പഞ്ചായത്തുകളിലുള്ളത്. ഇവിടങ്ങളിൽ കുളക്കാനിറങ്ങി മുങ്ങി മരിച്ചവർ നിരവധിയാണ്. എന്നാൽ സംരക്ഷണ വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതിന് അധികൃതർ തുടരുന്ന അലംഭാവമാണ് പ്രശ്നങ്ങൾക്ക് കാരണം. നാവായിക്കുളത്ത് നക്രാംകോണത്തും പത്തനാപുരം ക്ഷേത്രത്തിനടുത്തുമാണ് പ്രവർത്തനം നിലച്ച ക്വാറികളുള്ളത്. ഒരു വർഷം മുമ്പാണ് ക്ഷേത്രത്തിനടുത്തുള്ള പാറമടയിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങി മരിച്ചത്. മടവൂർ കക്കോട് പാറമടയിൽ ബന്ധുക്കളായ മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് രണ്ടുവർഷം മുമ്പും.

കരവാരം പഞ്ചായത്തിലാണ് പാറമടകൾ ധാരാളമായുള്ളത്. ഇതിൽ പ്രവർത്തനം മതിയാക്കിയ ഇടങ്ങളിലെല്ലാം വലിയ ആഴവും വെള്ളക്കെട്ടുമാണ്. വേനൽക്കാലത്തുപോലും ഇവയിൽ നിറയെ വെള്ളമുണ്ടാകും. വേനൽക്കാലത്ത് കെട്ടിടനിർമാണാവശ്യങ്ങൾക്കുൾപ്പെടെ ഇവിടെ നിന്ന് വെള്ളമെടുക്കുന്നത് പതിവാണ്. കിണറുകൾ വറ്റുന്നതോടെ പ്രദേശവാസികൾ കുളിക്കാനും തുണിയലക്കാനുമായും ഇവിടെയെത്തും. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർ‌ത്ഥികളും ഇവിടേക്ക് എത്താറുണ്ട്. ജലാശയത്തിന്റെ ആഴമോ അപകട സാദ്ധ്യതയോ ഇവർക്ക് അറിയില്ല. ഇതാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. അപകടങ്ങൾ ആവർത്തിച്ചതോടെ പാറമടകളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയർന്നു. ചില സ്ഥലങ്ങളിൽ ഇതിനുള്ള നടപടി ഉണ്ടായെങ്കിലും കാലപ്പഴക്കത്താൽ പലതും നശിച്ചു. ഭൂരിപക്ഷം ക്വാറികളിലും വേലികളുമില്ല. വെള്ളക്കെട്ടുകൾ ശുദ്ധജല മത്സ്യക്കൃഷിക്കുൾപ്പെടെ ഉപയോഗിക്കാമെന്നിരിക്കെ അത്തരം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും അധികൃതർ തയ്യാറായിട്ടില്ല. വേലി കെട്ടി അപകട ഭീഷണി ഒഴിവാക്കാനെങ്കിലും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.