gg

വിതുര: റോഡ് വക്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പകർച്ചവ്യാധികൾ പരക്കുന്നതായി പരാതി. ദിനവും കുന്നുകൂടുന്ന മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയുന്ന നാട്ടുകാരാണ് ഇപ്പോൾ പകർച്ച വ്യാധി ഭീഷണിയിൽ കഴിയുന്നത്. മലയോര മേഖലകളിൽ പനി ഉൾപ്പടെയുള്ള രോഗങ്ങൾ ഇതിനോടകം വ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനപാതയായ വിതുര - പൊൻമുടി - തിരുവനന്തപുരം റോഡരുകിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപം മൂലം നാട്ടുകാർക്ക് വഴിനടക്കാൻ പോലും കഴിയാറില്ല.

ഇവിടം മുഴുവൻ വൻ തോതിൽ മാലിന്യം നിക്ഷേപിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പേരയത്തുപാറ മേഖലയിലും റോഡുവക്കിലും ഇറച്ചി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നതും പതിവാണ്. തൊളിക്കോട് മന്നൂർക്കോണം റോഡ് വക്കിലെ കുഴികളെല്ലാം മാലിന്യം നിറഞ്ഞുകഴിഞ്ഞു. മഴ തുടങ്ങിയതോടെ അറവ് മാലിന്യം അഴുകി അസഹ്യമായ ദുർഗന്ധമാണ് ഇവിടെ. ഇവിടെ വർദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപത്തെ ചൂണ്ടിക്കാട്ടി പല തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.