1

ശ്രീകാര്യം: മെഡിക്കൽ കോളേജിന്റെ സബ്‌ സെന്ററായ പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ഉടൻ ആരംഭിക്കും. മന്ത്രിയും സ്ഥലം എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം മന്ത്രി കെ.കെ. ശൈലജ ആശുപത്രിക്ക് ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പദവി നൽകുകയായിരുന്നു. ആശുപത്രി മന്ദിരത്തിന്, മരണമടഞ്ഞ മുൻ കൗൺസിലർ ബി. വിജയകുമാറിന്റെ പേര് നൽകും. കിടത്തി ചികിത്സയ്ക്കായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രണ്ടുകോടി മുടക്കി ബഹുനില മന്ദിരം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. കിടത്തി ചികിത്സ ഒരുക്കുന്നതിനായി ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരുടെ തസ്‌തികകളോ ഇവിടെ സൃഷ്ടിച്ചിരുന്നില്ല. വൈദ്യുതിയും വെള്ളവും ഫർണിച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ മാത്രമാണ് ഒരുക്കിയതെന്നും ആശുപത്രി മന്ദിരം അഴിമതിയുടെ സ്‌മാരകമാണെന്നുമാണ് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ആശുപത്രി മന്ദിരം അടഞ്ഞുകിടക്കുന്നതിനെതിരെ നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പരിശീലന കേന്ദ്രമെന്ന നിലയ്ക്കാണ് പണ്ടുമുതലേ ഇവിടെ ഒ.പി പ്രവർത്തിച്ചിരുന്നത്. മെഡിക്കൽ കോളേജിന്റെ വികസനത്തിനിടെ പാങ്ങപ്പാറ ആശുപത്രിയുടെ വികസനം കടലാസിൽ മാത്രം ഒതുങ്ങുകയായിരുന്നു.

38 ലക്ഷം അനുവദിച്ചു

കിടത്തി ചികിത്സയ്ക്കും മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കുമായി 38 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഇതോടൊപ്പം രോഗികൾക്ക് ഇരിക്കാനുള്ള സ്ഥലവും രജിസ്‌ട്രേഷൻ കൗണ്ടറുകളും ഫാർമസി കെട്ടിടവും നിർമ്മിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടാണ് വൈദ്യുതിയും വെള്ളവും ഫർണിച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്. ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് അതിന് കീഴിൽ ഫാർമസി, ലബോറട്ടറി സൗകര്യങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ട്.

ഭാവിയിൽ ഏർപ്പെടുത്തുന്നത്

------------------------------------------------

രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന പുതിയ ആശുപത്രിയിൽ രാത്രികാല അത്യാഹിത വിഭാഗം തത്കാലം ഉണ്ടാകില്ല. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് അതും ഉൾപ്പെടുത്തും. ജനങ്ങളുടെ ആവശ്യപ്രകാരം നേത്രരോഗ ചികിത്സാവിഭാഗം കൂടി ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. എക്സ്റേ, സ്‌കാനിംഗ് സൗകര്യങ്ങൾ കൂടി ആരംഭിക്കും.

സജ്ജമാകുന്നത്

--------------------------------------

 ജനറൽ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റൽ, മനോരോഗം എന്നീ വിഭാഗങ്ങളുടെ ഒ.പി

 ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 27 പേരുടെ തസ്‌തിക

മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്കു കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് പാങ്ങപ്പാറ ആശുപത്രി അനുഗ്രഹമാകും.

- മന്ത്രി കടകംപള്ളി സുരേന്ദ്രൻ