junk-food

തിരുവനന്തപുരം: കൊവി‌ഡ് കാലത്ത് വീടുകളിൽ തന്നെയാണ് കുട്ടികൾ. സ്കൂളിൽ പോകണ്ട, പുറത്ത് എവിടെയും പോകാനാവില്ല, കളികൾ കുറവ്.. ഓൺലൈൻ ക്ളാസുണ്ടെങ്കിലും സമയമേറെ ബാക്കിയുണ്ട് ഇവർക്ക്. വീടുകളിൽ തന്നെ ഒതുങ്ങികൂടിയപ്പോൾ കുട്ടികളുടെ ഭക്ഷണശീലങ്ങളിലും മാറ്റം വന്നു. കർശനമായ ലോക്ക് ഡൗൺ കാലത്ത് കടകളും ഹോട്ടലുകളുമൊന്നും പ്രവർത്തിക്കാത്തതിനാൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കിയിരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം രുചിയോടെ കഴിച്ചു തുടങ്ങിയതുമാണ്. അപ്പോഴാണ് നിയന്ത്രണത്തിൽ ഇളവ് വന്നത്. അതോടെ പാക്കറ്റ് ഫുഡിലേക്ക് കുട്ടികൾ വീണ്ടുമെത്തി. കൂടുതൽനേരം വീട്ടിലിരിക്കുന്നതിനാൽ കുട്ടികളുടെ ആവശ്യത്തോട് മുതിർന്നവർ മുഖംതിരിക്കാറില്ല. മുതിർന്നവർ പുറത്ത് പോകുമ്പോൾ വാങ്ങിനൽകുകയോ വാശി പിടിച്ച് വാങ്ങിപ്പിക്കുകയോ ചെയ്യുന്ന ശീലം കുട്ടികളിൽ വർദ്ധിച്ചിട്ടുണ്ട്.


അമിതമായാൽ അപകടകാരികളാണ് പാക്കറ്റ് ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ജങ്ക് ഫുഡുകൾ. ശരീരത്തിന് കാര്യമായ ഗുണങ്ങളൊന്നുമില്ലാത്തതാണ് ഈ ഭക്ഷണസാധനങ്ങൾ. ഗുണങ്ങളില്ലെന്ന് മാത്രമല്ല ദോഷങ്ങൾ ഒട്ടേറെയുണ്ടുതാനും. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങൾ, വിഷാദരോഗം, ഓർമക്കുറവ്, വൃക്കരോഗം, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇവ കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. ഇത്തരം ഭക്ഷണസാധനങ്ങളിൽ വളരെയധികം കലോറി അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണം ഉണ്ടാകും. ആരോഗ്യത്തിന് ദോഷം വരുന്ന കൊഴുപ്പാണ് ഇവയിലുള്ളത്. കൂടാതെ പാക്ക് ചെയ്ത ഭക്ഷണങ്ങളായതിനാൽ ഉപ്പിന്റെ അളവും കൂടുതലാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് വഴിവയ്ക്കും. കുട്ടികൾ അലസരാകാനും ഇത്തരം ഭക്ഷണങ്ങൾ കാരണമാകും.

രുചിയും മണവുമാണ് കുട്ടികളെ ഇത്തരം ഭക്ഷണങ്ങളിലേക്ക് ആകർഷിക്കുന്നത്. വലിയ വില ഇല്ലാത്തതിനാൽ മാതാപിതാക്കൾ ഇവ വാങ്ങിനൽകുകയും ചെയ്യും. എന്നാൽ, ജങ്ക് ഫുഡ് ഒഴിവാക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വീടുകളിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ കുട്ടികൾക്ക് ശീലമാക്കാൻ അവർ വീട്ടിലുള്ള ഈ സമയം മാതാപിതാക്കൾക്ക് ഉപയോഗിക്കാം, നാടൻ പലഹാരങ്ങളുണ്ടാക്കാം. പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളുമടങ്ങുന്ന സമീകൃത ആഹാരം ശീലമാക്കിയാൽ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ എളുപ്പമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

''

കുട്ടികൾക്ക് അവരുടെ പ്രായത്തിന് വേണ്ടതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടി കൊഴുപ്പാണ് ഇത്തരം ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തുന്നത്. സോഡിയത്തിന്റെ ഉയർന്ന അളവ് ദോഷകരമാണ്. ഫാസ്റ്റ് ഫുഡുകളിൽ മൈദ അടങ്ങിയിട്ടുള്ളതിനാൽ വയർ നിറഞ്ഞതുപോലെ തോന്നും. കുട്ടികൾ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയുമില്ല. ഇത് ശരീരത്തിൽ ഫൈബറിന്റെ അളവ് കുറയ്ക്കും.

ലിയ എം.ബി പിള്ള, ഡയറ്റീഷ്യൻ,​ എസ്.യു.ടി ഹോസ്പിറ്റൽ