health

മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ശ്രദ്ധയോടെയാണ് നമ്മൾ പല്ലുകളെ പരിചരിക്കുന്നത്. എന്നാൽ അവയെ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി നിലനിർത്താൻ കഴിയുന്നുവെന്നല്ലാതെ ആവശ്യമായതെന്തും കടിച്ചും ചവച്ചരച്ചും കഴിക്കുവാൻ തക്ക ബലമുള്ളവയാക്കി വയ്ക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?

പുളിപ്പുകാരണം ഒന്നും ചവയ്ക്കാൻ വയ്യ, ആ ഭാഗം വച്ച് കടിക്കാൻ വയ്യ, എന്തെങ്കിലും കടിച്ചാൽ മോണയിൽ നിന്ന് ചോര വരുന്നു, പല്ലിലെ പോട് കാരണം ചെവിയും തലയും വേദനിക്കുന്നു... എന്നിങ്ങനെ നൂറുകണക്കിനു പരാതികളാണ് പല്ലിനെ കുറിച്ചുള്ളത്.

സമയത്ത് പല്ല് മുളച്ചില്ല, മുളച്ചപ്പോൾ വേദന, സ്ഥിര ദന്തങ്ങൾ പോലും പുഴുവെടുത്തു, പല്ലിന്റെ പ്രശ്നങ്ങൾ കാരണം എന്നും തൊണ്ടവേദന എന്നിങ്ങനെ പരാതികളുമായി കുട്ടികളും രംഗത്തുണ്ട്. പല്ല് കൊഴിഞ്ഞവരുടെ പരാതികൾ വേറെയാണ്; എന്തു കഴിച്ചാലും വയറുവേദന, കഴിച്ചതൊന്നും ദഹിക്കുന്നില്ല,കവിൾ ഒട്ടി വലിയുന്നു... എന്നിവയാണ് അവരുടെ പരാതികൾ.

നഷ്ടപ്പെട്ടുപോയ പല്ലുകൾ പുനസ്ഥാപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അവയൊന്നും ആരോഗ്യമുള്ള പല്ലുകൾക്ക് പകരമാവില്ലെന്ന യാഥാർത്ഥ്യം മനസിലാക്കി, ദന്ത സംരക്ഷണത്തിന് ശരിയായ പ്രാധാന്യം നൽകാൻ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുകയാണ് വേണ്ടത്.

കുഞ്ഞുനാൾ മുതൽ ദിവസവും ചെയ്യുന്ന പല്ലുതേപ്പ് പോലും ശ്രദ്ധയോടെയോ, നാളെയും ഈ പല്ലുകൾ വേണമെന്ന ലക്ഷ്യത്തോടയോ അല്ല പലരും ചെയ്യുന്നത്. എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് പല്ല് വെളുപ്പിക്കാനാണ്.

ഒരു ചെറിയ മഞ്ഞനിറം തന്നെയാണ് ആരോഗ്യമുള്ളപല്ലുകൾക്ക് വേണ്ടത് എന്ന് എത്ര പറഞ്ഞാലും പലർക്കും മനസിലാവില്ല. വെളുത്ത പല്ലുകൾ തന്നെ വേണം എന്ന വാശിയാണ് അവർ. അതിനായിഏറ്റവും കട്ടികൂടിയ ഹാർഡ് ബ്രഷ് ഉപയോഗിച്ച് തലങ്ങുംവിലങ്ങും മോണ കീറും വിധം പല്ലുരയ്ക്കുവാൻ ആർക്കും മടിയില്ല.

നിറങ്ങളിൽ മയങ്ങരുത്

മോണയുടെ ആരോഗ്യം നിലനിർത്തിയാലേ പല്ലിന് ചുവടുറപ്പ് ഉണ്ടാകൂ എന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ല. നല്ല നിറമുള്ള പേസ്റ്റ് ഉപയോഗിച്ച് കുറച്ചു നേരം പല്ലുതേച്ചാൽ വായിൽ നിന്ന് നല്ല മണം വരുമെന്നും പല്ലുകൾ മുത്തുപോലെ തിളങ്ങുമെന്നും

വിചാരിച്ചിരിക്കുന്നവർ ആ ചിന്താഗതി മാറ്റാൻ സമയമായി. വളരെ മൃദുവായ നാരുകളുള്ള സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പരമാവധി രണ്ട് മിനിറ്റിനുള്ളിൽ പല്ലുതേപ്പ് അവസാനിപ്പിക്കണം.

സാധാരണരീതിയിൽ ജെൽ പേസ്റ്റോ ആന്റി സെൻസിറ്റീവ് പേസ്റ്റോ ആവശ്യമില്ല. കൈവിരൽ കൊണ്ട് മോണയുൽപ്പെടെ ഉഴിയുന്നത് വളരെ നല്ലതാണ്.

ആഹാരത്തിന് തൊട്ടു മുമ്പോ ശേഷമോ പല്ലുതേച്ചാൽ പല്ലിന്റെ തേയ്മാനം കൂടും.പ്രത്യേകിച്ചും പുളിപ്പുള്ള എന്തെങ്കിലും കഴിച്ചതിനുശേഷം.

ബ്രഷിംഗിന് ശേഷം പല്ലുകളുടെ ഉപരിതലത്തിൽ ധാതു നിർമ്മാണം നടക്കുന്നതിനാൽ പല്ല് തേച്ച ഉടനെ ആഹാരം കഴിയ്ക്കരുത്. ഇത് പല്ലിൽ നടക്കുന്ന ധാതു നിർമ്മാണത്തിന് തടസമാകും. ആഹാരത്തിനുശേഷം വായിൽ അമ്ളത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നതുകൊണ്ട് ഭക്ഷണം കഴിച്ച ഉടനെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമൽ നഷ്ടമാകാൻ ഇടയാക്കും. ആഹാരം കഴിക്കുന്നതും പല്ല് തേയ്ക്കുന്നതും തമ്മിൽ 30 മിനിറ്റ് ഇടവേള ആവശ്യമാണ്.

വായിൽ മുറിവുകൾ, മോണവീക്കം, വായ്‌പുണ്ണ് എന്നിവയുള്ളവർ വളരെ സൂക്ഷിച്ച് മാത്രമേ പല്ലുതേക്കാൻ പാടുള്ളൂ. ചിലർ ഉറങ്ങുമ്പോൾ പല്ലിറുമ്മുക ചവയ്ക്കുക തുടങ്ങിയ ശീലങ്ങളുള്ളവരാണ്. പല്ല് തമ്മിൽ ഉരഞ്ഞ് നാശമാകാൻ ഈ ശീലം മാത്രം മതിയാകും. നാക്ക് വച്ചു തള്ളുന്നവരുടെ പല്ലുകൾ മുന്നോട്ട് ഉന്തി വരാറുണ്ട്. അസിഡിറ്റിയുള്ളവരുടെ പല്ലുകൾക്ക് തേയ്മാനം കൂടും.

പല്ലുതൊട്ടാൽ പണികിട്ടും

ചായ പോലെ കറയള്ളവയോ കൃത്രിമ പാനീയങ്ങൾ പോലെ നിറമുള്ളവയോ കുടിച്ചാൽ വായ കഴുകണം. അല്ലെങ്കിൽ പല്ലുകൾക്ക് താൽക്കാലികമായെങ്കിലും കറ പിടിക്കും.

ചില രോഗാവസ്ഥകളും പുളി, അച്ചാർ എന്നിവയും ചിലതരം മരുന്നുകളും പല്ലിന്റെ ഇനാമലിനെ നശിപ്പിക്കാറുണ്ട്. നാരങ്ങാവെള്ളം, പുളിയുള്ള ജ്യൂസുകൾ, മധുരം അധികമുള്ളവ, രാസവസ്തുക്കൾ ചേർത്ത പാനീയങ്ങൾ, കോള, കൃത്രിമ ജ്യൂസുകൾ തുടങ്ങിയവ ഒരു സ്ട്രാ ഉപയോഗിച്ചു മാത്രമേ കുടിക്കാവൂ. അവ പല്ലിൽ തൊടാതിരുന്നാൽ അത്രയും തേയ്മാനം കുറയ്ക്കാം.

 മൂർച്ചയുള്ള പിന്ന്, കത്രിക, മറ്റ് ലോഹ നിർമ്മിത വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പല്ല് കുത്തരുത്. പല്ലിന്റെ വിടവ് വർധിക്കുകയോ, പല്ല് പൊട്ടുകയോ, മോണയ്ക്ക് ക്ഷതമേൽക്കുകയോ ചെയ്യാം.
ചൂടുള്ളത് കഴിച്ചാലുടൻ തണുത്തവയോ, തണുത്തത് കഴിച്ചാലുടൻ ചൂടുള്ളതോ ഉപയോഗിക്കരുത്. ചുടുള്ളവ കഴിച്ചാലുടൻ തണുത്ത വെളളത്തിൽ വായ കഴുകുന്നതും നല്ലതല്ല.

 വായനാറ്റം മാറണമെങ്കിൽ നന്നായി പല്ല് തേച്ചാൽ മാത്രം പോരാ. പല്ല്, നാക്ക്,മോണ എന്നിങ്ങനെ ഓരോന്നും ശ്രദ്ധയോടെ സംരക്ഷിക്കണം.വയറ്റിലെ അസുഖങ്ങൾ കൂടി പരിഹരിക്കുന്നവർക്ക് മാത്രമേ വായനാറ്റം പൂർണ്ണമായി ഉഴിവാക്കാൻ കഴിയൂ.വായിൽ വളരുന്ന ബാക്ടീരിയകൾ ക്രമേണ ഹൃദ്രോഗത്തിനുപോലും കാരണമായിത്തീരുമെന്ന് അറിയുക. അതിനാൽ ദന്തസംരക്ഷണം വളരെ കരുതലോടെ തന്നെ വേണം.