1

കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ കുളത്തൂർ ആറാട്ടുവഴിയിൽ സ്ഥാപിച്ച ശ്രീനാരായണ സ്മാരക ലൈബ്രറി നൂറ് വയസിന്റെ നിറവിൽ. കുളത്തൂർ ജംഗ്‌ഷന് സമീപം പ്രധാന റോഡിൽ ഇരുനില കെട്ടിടത്തിൽ ലൈബ്രറിയും വിപുലമായ വായനശാലയും കോൺഫറൻസ് ഹാളുമായി തലയുയർത്തി നിൽക്കുന്ന ഈ ലൈബ്രറിക്ക് വലിയൊരു ചരിത്രമുണ്ട്. നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾ തീരുമാനിച്ചെങ്കിലും കൊവിഡിനെ തുടർന്ന് എല്ലാം ഉപേക്ഷിച്ചു.

1920 ആഗസ്റ്റ് 29ന് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരായിരുന്ന ശാസ്തവിളാകം കേശവനും വെന്തവിളാകം നാരായണനും ചേർന്നാണ് ലൈബ്രറിക്ക് തുടക്കമിട്ടത്. 400 രൂപയായിരുന്നു നിർമാണച്ചെലവ്. രണ്ടു ദിനപത്രങ്ങളും ഒരു മാസികയുമായിട്ടായിരുന്നു തുടക്കം. എഡിസൺ എന്നറിയപ്പെട്ടിരുന്ന നാരായണനാണ് ഇവ സംഭാവന ചെയ്തത്. പിന്നീട് അഞ്ച് സെന്റ് സ്ഥലം സ്വന്തമായി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് തുടങ്ങി നാല് ഭാഷകളിലായി 1021 പുസ്തകങ്ങളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 35,000 പുസ്‌തകങ്ങളുണ്ട്. മൂന്ന് ഭാഷകളിലായി 12 ദിനപത്രങ്ങളും നാൽപതോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട്. 1925ൽ ശ്രീനാരായണ ഗുരു ഇവിടം സന്ദർശിച്ചിരുന്നു.

1957 മേയ് 9ന് ഓലക്കെട്ടിടം പൊളിച്ച് ഡോ.എ. രാമകൃഷ്ണൻ ഇന്നത്തെ രൂപത്തിലുള്ള കെട്ടിടത്തിന് തറക്കല്ലിട്ടു. ഇപ്പോൾ വിശാലമായ മൂന്നുനില കെട്ടിടത്തിലാണ് പ്രവർത്തനം. ഒരു റീഡിംഗ് റൂം, ലൈബ്രറി എന്നിവയ്ക്കു പുറമേ രണ്ട് ഹാളുകൾ കൂടിയുണ്ട്. നവചേതന ബാലവേദി, വനിതാവേദി എന്നിവ ഗ്രന്ഥശാലയ്ക്കു കീഴിലുള്ള സംഘടനകളാണ്. പ്രതിമാസ പരിപാടികൾ, കലാ, സാഹിത്യ മത്സരങ്ങൾ, യോഗ, കായിക പരിശീലനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. സെമിനാറുകൾ, ചർച്ചകൾ, ക്ലാസുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ എന്നിവയും പതിവാണ്.

നൂറോളം പേർക്ക് സൗജന്യ പി.എസ്.സി പരിശീലനവും നൽകുന്നു. ഓഫീസും റീഡിംഗ് റൂമും ഒരുക്കി മുകൾനില പുസ്തകങ്ങൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്. ലൈബ്രറിയെ ഡിജിറ്റൽവത്കരിക്കുന്നത് തുടരുകയാണ്. രണ്ടാംനിലയിലെ ഹാളിൽ കൂടുതൽ സൗകര്യങ്ങളോടെ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. ഓൺലൈൻ ലൈബ്രറി, ഇന്റർനെറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കുന്നതിനും സ്ഥാപനത്തിന്റെ നവീകരണത്തിനുമായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.