വിതുര: ആനയ്ക്കും കാട്ടുപോത്തിനും പന്നിക്കും പുറമേ കരടികളും കാടിറങ്ങി. ജനവാസ മേഖലകളിലാകെ നാശവും ഭീതിയും പരത്തി ഇവ കൈയ്യടക്കിയിരിക്കുന്നതായാണ് പരാതി. വിതുര പഞ്ചായത്തിലാണ് കരടികൾ കൂടുതൽ ഭീതി പരത്തുന്നത്. വന പ്രദേശങ്ങളിൽ വേണ്ടത്ര ഭക്ഷണം കിട്ടാതെ വന്നതോടെയാണ് കരടികൾ നാട്ടിൻ പുറങ്ങളിലേക്ക് എത്തി തുടങ്ങിയത്. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആണ് കൂടുതൽ ശല്യം. ചക്ക തിന്നാനാണ് കരടികൾ കൂട്ടമായും, ഒറ്റയ്ക്കും എത്തുന്നത്. കരടി ശല്യം നിമിത്തം മിക്ക മേഖലയിലും നാട്ടുകാർ പ്രതിസന്ധിയിലാണ്. ചക്ക തിന്നുമ്പോൾ ഓടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഇവ ആക്രമണം നടത്തുന്നതും പതിവാണ്. അർദ്ധരാത്രിയോടെയാണ് കരടികൾ ചക്ക തേടി നാട്ടിൻപുറങ്ങളിൽ എത്തുന്നത്. ചക്ക സീസൺ അവസാനിക്കുന്നതോടെ നാട്ടിൻപുറങ്ങളിൽ നിന്നും കരടികൾ പിൻവലിയും. അതേ സമയം ആദിവാസി മേഖലകളിൽ കരടി ശല്യം രൂക്ഷമായി തുടരുകയാണ്. ഈ മേഖലയിൽ ചക്ക മുഴുവൻ കരടികൾ തിന്നു തീർത്തു. അനവധി ആദിവാസികൾ കരടിയുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. കരടി ശല്യത്തെ കുറിച്ചു ആദിവാസികൾ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ ആഴ്ച വീട് മേയുന്നതിനായി ഈറ്റയില ശേഖരിക്കാൻ വനത്തിൽ കയറിയ നരകത്തിൻകാല അറവലകരിക്കകം സ്വദേശിയായ യുവാവിനെ വിതുര ഐസറിന് സമീപം കത്തിപ്പാറയിൽ വച്ച് കരടി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കരടികളുടെ ശല്യം നിമിത്തം വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾവനങ്ങളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിന് പുറമെ കാട്ടാനയുടെയും, കാട്ടുപോത്തിന്റെയും, പന്നിയുടെയും ശല്യവും സഹിക്കേമ്ട സ്ഥിതിയിലാണ് നാട്ടുകാർ.
കരടി ശല്യം കൂടുതലുള്ള മേഖലകൾ
കത്തിപ്പാറ
നാരകത്തിൻകാല
അറവലകരിക്കകം
ആറാനക്കുഴി
മൊട്ടമൂട്
കളിക്കൽ
ചെമ്മംകാല
പെണ്ണങ്കപ്പാറ
നടപടികൾ സ്വീകരിക്കണം
ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന കാട്ടുമൃഗശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.
- എം. രവീന്ദ്രൻ പിള്ള
സി.പി.ഐ
കല്ലാർ ബ്രാഞ്ച് സെക്രട്ടറി.