പാറശാല : ചിത്രകാരനായ യുവാവ് കൂറ്റൻ ബ്രഷിൽ വരച്ച ചിത്രം ശ്രദ്ധേയമായി. മഞ്ഞാലുംമൂട് തിടുമൺതോട്ടം വീട്ടിൽ 31കാരനായ എസ്. ശ്രീരാജാണ് വർണ വിസ്മയം തീർത്ത് ഏവരെയും ആകർഷിച്ചത്. മഹാത്മ അയ്യൻകാളിയുടെ 157-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഇടയ്‌ക്കോട് ഡോം ട്രസ്റ്റ് കാരക്കോണം ഗവ. യു.പി.എസിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കൗതുകമുണ്ടാക്കുന്ന ശ്രീരാജിന്റെ പുത്തൻകരവിരുത് ശ്രദ്ധേയമായത്. ലോകത്തെ ഏറ്റവും നീളം കൂടിയ ബ്രഷ് സ്വന്തമായി നിർമ്മിച്ച് അതുകൊണ്ട് മഹാത്മ അയ്യൻകാളിയുടെ ചിത്രം വരയ്ക്കുകയായിരുന്നു. 80 കലോ ഭാരവും 43 അടി നീളവുമുള്ള ബ്രഷ് 40 കിലോ പേപ്പർ, കമ്പി, പശ എന്നിവ ഉപയോഗിച്ച് ഏഴ് ദിവസം കൊണ്ടാണ് നിർമ്മിച്ചത്. 48 മിനിട്ട് കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് ബ്രഷിന്റെ ഭാരം താങ്ങി നിർത്തിയത്. നിലവിൽ അമേരിക്കയിൽ നിർമ്മിച്ച 11 മീറ്റർ നീളമുള്ള ബ്രഷാണ് ഗിന്നസ് വേൾഡ് റെക്കാഡിൽ ഇടം പിടിച്ചിട്ടുള്ളതെന്നും എന്നാൽ ഈ ബ്രഷുപയോഗിച്ച് ചിത്രം വരച്ചിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. 2013ൽ കൽക്കരി ഉപയോഗിച്ച് ചാർക്കോൾ പെൻസിൽ കൊണ്ട് 109 ചാർട്ട് പേപ്പർ ഒട്ടിച്ച് 25 അടി നീളത്തിലും 20 അടി വീതിയിലും അഞ്ച് മണിക്കൂർ കൊണ്ട് ഒരുക്കിയ ഏറ്റവും വലിയ അബ്ദുൾ കലാം ചിത്രത്തിന് അസിസ്റ്റ് വേൾഡ് റെക്കാഡ്സ് റിസർച്ച് ഫൗണ്ടേഷൻ പുരസ്കാരവും 2017ൽ ഒരു ലക്ഷം ഗ്ലാസ് കഷ്ണങ്ങളും കാർഡ് ബോർഡും തടി കഷണവും ഉപയോഗിച്ച് 42 അടി ഉയരത്തിലും 16 അടി വീതിയിലും നിർമ്മിച്ച കൂറ്റൻ സാന്താക്ലോസിന് യു.ആർ.എസ് വേൾഡ് റെക്കാഡ് പുരസ്കാരവും നേടിക്കൊടുത്തു. ചിത്രകലയിലെ മികവിന് ജെ.സി.ഐ (ജൂനിയർ ചേംബർ ഇന്റർനാഷണൽ ) അവാർഡിനുമർഹനായിട്ടുണ്ട്. കൂടാതെ കുഴിത്തുറ കർക്കടക വാവ് ബലിയോടനുബന്ധിച്ച് നടക്കുന്ന വാവുബലി ചന്തയിലെ പ്രദർശനങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ബെസ്റ്റ് ക്രിയേറ്റിവിറ്റി അവാർഡിനുമർഹനായിട്ടുണ്ട്. പേപ്പർ കൊണ്ട് 20 അടി ഉയരത്തിൽ നിർമ്മിച്ച അനാകോണ്ടയുടെ രൂപവും മെടഞ്ഞ ഓലയിൽ ഓയിൽ പെയിന്റുപയോഗിച്ച് വരച്ച മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമുൾപ്പെടെ നിരവധി ചിത്രങ്ങൾ ശ്രീരാജിന്റേതായുണ്ട്. കുഞ്ഞുനാളിലേ പിതാവ് നഷ്ടപ്പെട്ട ശ്രീരാജിനെ അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഏകാന്തതയിൽ ഒറ്റപ്പെട്ട ബാല്യത്തിന് കൂട്ടായത് വരയും വർണങ്ങളുമായിരുന്നു. സ്വന്തമായി മോഡലുകൾ നോക്കി ചിത്രങ്ങൾ വരച്ചാണ് ശ്രീരാജ് ഉന്നതിയിലെത്തിയത്. അമരവിള എൻ.ഐ.ഐ.ടി.ഐ യിൽ നിന്ന് ഐ.ടി.സി കോഴ്സ് പൂർത്തിയാക്കിയ ശ്രീരാജ് വിവാഹകാർഡുകളുടെ ഡിസൈൻ വർക്കുകളിലൂടെയാണ് വരുമാനം കണ്ടെത്തിയത്. ശ്രീരാജിന്റെ വിരൽത്തുമ്പിൽ വിരിയുന്ന ചിത്രങ്ങൾക്കും ശില്പങ്ങൾക്കും മാറ്റുകൂട്ടുന്നത് പ്രകൃതിദത്തമായ മരവും, തടി കഷണങ്ങളും, ചില്ലും, കൽക്കരിയും, ഓലയുമെല്ലാമാണ്. കൂറ്റൻ ബ്രഷ് നിർമ്മിച്ച് ചിത്രം വരച്ച ശ്രീരാജിനെ സി.കെ ഹരീന്ദ്രൻ എം.എൽ.എ യു.ആർ.എഫിന്റെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.