നമ്മുടെ നാട്ടിലെ നല്ലൊരുവിഭാഗം ആളുകളെയും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന രോഗമാണ് കാൽമുട്ടുവേദന. ഹൃദയം, വൃക്ക എന്നിവ സംബന്ധമായ രോഗങ്ങളാലും, ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോഴും, മറ്റ് സന്ധികളിലെ കുഴപ്പങ്ങൾ വർദ്ധിക്കുമ്പോൾ അതോടൊപ്പവും, കാൽമുട്ടിന്റെ തന്നെ കുഴപ്പങ്ങൾ കൊണ്ടും മുട്ട് വേദന അനുഭവപ്പെടാം.

കാൽമുട്ട് നീരുവച്ച് വീർക്കുകയോ തേയ്മാനം ഉണ്ടാകുകയോ ചെയ്താലും മുട്ട് വേദന ഉണ്ടാകും. മുട്ടുവേദന കാരണമുള്ള മുടന്തിനടത്തം ക്രമേണ അടുത്ത കാൽമുട്ടിലും ഇടുപ്പിലും പിന്നെ കഴുത്തിലും രോഗവ്യാപനത്തെ കൊണ്ടെത്തിക്കും. വണ്ണക്കൂടുതൽ ഉള്ളവരിൽ രോഗം വേഗത്തിൽ വർദ്ധിക്കാം. അതുപോലെ സ്ഥിരമായി ഒരേ സ്വഭാവത്തിലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുട്ട് വേദന കാരണം നടക്കുന്നതിന് പ്രയാസമുണ്ടാവുകയും ക്രമേണ നടക്കാൻ സാധിക്കാതെ വരികയും ചെയ്യും.

അമിത വണ്ണമുള്ളവർക്ക് അവർ മുട്ടിൽ ചെലുത്തുന്ന സമ്മർദ്ദം, അധികനേരം നിന്നുള്ള ജോലി തുടങ്ങിയ കാരണങ്ങളാൽ ബുദ്ധിമുട്ട് വേഗത്തിൽ കൂടുകയും, കാൽമുട്ട് വശങ്ങളിലേക്ക് വേഗത്തിൽ വളഞ്ഞു പോകുകയും, അതോടെ കാര്യക്ഷമത കുറയുകയും ചെയ്യും. ശരീരഭാരം കുറവുള്ളവരാണെങ്കിലും ദീർഘനേരം നിൽക്കുന്ന ജോലിയോ, ശീലമോ ഉണ്ടെങ്കിലും ഇപ്രകാരം സംഭവിക്കാം.

മുട്ടുവേദന തുടക്കത്തിൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.ക്രമേണ തേയ്മാനം കൂടുന്നതിനനുസരിച്ച് അത്ര എളുപ്പത്തിൽ ഭേദമാക്കാൻ സാധിക്കില്ലെങ്കിലും കൂടുതൽ കുഴപ്പം ഉണ്ടാകാതിരിക്കാൻ ചികിത്സ നിർബന്ധമാണ്. ചികിത്സ ചെയ്യുന്നവരിൽ മാത്രമേ പേശികളുടെ ബലം വർദ്ധിപ്പിച്ച് സന്ധികൾക്ക് ആവശ്യമായ ബലം നൽകുന്നതിനും,നീരും വേദനയും കുറയ്ക്കുന്നതിനും, സംഭവിക്കാനിടയുള്ള തേയ്മാനത്തെ തടസ്സപ്പെടുത്തുന്നതിനും സാധിക്കൂ.

മരുന്നുകൾ ഉപയോഗിച്ചും ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയും നല്ലൊരു വിഭാഗം രോഗികളിൽ മുട്ടുവേദനയ്ക്ക് ആശ്വാസമുണ്ടാക്കാം .രോഗം തീരെ അസഹനീയമായവർക്ക് താൽക്കാലിക ശമനത്തിനായി സർജറിക്കും വിധേയരാകാം. ഏതായാലും, അധികനാൾ വേദനാസംഹാരികൾ ഉപയോഗിക്കരുത് .പകരംവീര്യം കുറഞ്ഞ ഔഷധങ്ങൾ ഉപയോഗിച്ചും കിടത്തിച്ചികിത്സയിലൂടെയും ആയുർവേദ രീതിയിൽ വളരെ ഫലപ്രദമായി മുട്ടുവേദനയെ വരുതിയിലാക്കാം.ഫലം കിട്ടാൻ അല്പംകൂടി സമയമെടുക്കുമെന്ന് മാത്രം.

പരസ്യം കണ്ടിട്ടോ, മറ്റാരെങ്കിലും പറഞ്ഞത് കേട്ടിട്ടോ,ഡോക്ടറുടെ നിർദ്ദേശമില്ലാതെയൊ ഏതെങ്കിലും മരുന്നുകൾ പരീക്ഷിച്ചു നോക്കാൻ ശ്രമിക്കരുത്.

പുറമേ പുരട്ടുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ എന്ന് വിചാരിച്ചു ഏതെങ്കിലും തൈലം പുരട്ടി അസുഖം വർദ്ധിപ്പിച്ചു വരുന്നവർ നിരവധിയാണ്. നീരും വേദനയും ഉള്ളപ്പോൾ തിരുമ്മുവും തടവുകയും ചെയ്തും അസുഖത്തിന്റെ സ്വഭാവമോ കാലാവസ്ഥയോ പരിഗണിക്കാതെ തോന്നുന്ന തൈലം ഉപയോഗിച്ചും കാൽമുട്ടിന്റെ നിലവിലുണ്ടായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കരുത്. ചില മരുന്നുകൾ ഉപയോഗിക്കുമ്പോൾ താൽക്കാലികമായി ലഭിക്കുന്ന ശമനം അസുഖം മാറിയതാണെന്ന് തെറ്റിദ്ധരിച്ച് എന്നാൽ ക്രമേണ രോഗം വഷളാകുന്ന അവസ്ഥയും കാണുന്നു. ഇത്തരം കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുവാൻ സർക്കാർ ആയുർവേദ ഡോക്ടർമാരിൽ നിന്ന് സൗജന്യ ഉപദേശവും ആവശ്യമുള്ളപ്പോൾ സൗജന്യമായിത്തന്നെ മരുന്നും സ്വീകരിക്കാവുന്നതാണ്.

ശ്രദ്ധിക്കാൻ...

വേദനയുള്ളപ്പോൾ കാൽമുട്ടിന്റെ ചലനം കുറയ്ക്കുകയും, വേദന ഇല്ലാത്തപ്പോൾ മാത്രം കുറേശ്ശെ ചലിപ്പിക്കുകയും,മുട്ടിലെ പേശികൾക്ക് ബലം ലഭിക്കുന്ന വ്യായാമങ്ങൾ ചെയ്യുകയുംവേണം.ബലം പ്രയോഗിച്ച് വേദനയുള്ള കാൽമുട്ട് ചലിപ്പിച്ചാൽ വളരെ വേഗം അസുഖം വർദ്ധിക്കാം.

തണുത്ത ആഹാരങ്ങളും തണുത്ത കാലാവസ്ഥയും വേദന വർദ്ധിപ്പിക്കും.നിത്യവും തൈര് ഉപയോഗിക്കുന്നത് നീര് വർദ്ധിപ്പിക്കും.മധുരം കൂടുതൽ കഴിക്കുന്നത് അസ്ഥിയുടെ ബലം കുറയ്ക്കും.
ചില സാഹചര്യത്തിൽ ബാന്റേജ്, നീ ക്യാപ്പ് മുതലായവ ഉപയോഗിക്കാം. എന്നാൽ അവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല. മരുന്ന് പുരട്ടുകയോ കഴിക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം കാൽമുട്ട് വേദന കുറയണമെന്നില്ല. ആശുപത്രിയിൽ കിടത്തി ചെയ്യുന്ന പഞ്ചകർമ്മചികിത്സകൾ കൂടുതൽ ഫലം ചെയ്യും. ചിലരിലെങ്കിലും ഇത്തരം ചികിത്സകൾ ആവർത്തിച്ചു ചെയ്തു മാത്രമേ മുട്ടുവേദന ശമിപ്പിക്കാൻ സാധിക്കൂ.