dddd

നെയ്യാറ്റിൻകര: നഗരസഭയിലെ അത്താഴമംഗലത്ത് പൂർത്തിയാക്കിയ 'വീരരാഘവം' ചരിത്രശില്പ സ്മാരകം നെയ്യാറ്റിൻകര വെടിവെയ്പിന്റെ 82-ാം വാർഷികദിനമായ ഓഗസ്റ്റ് 31 ന് മന്ത്രി കടകംപള്ളി സുരേന്ദ്രർ നാടിന് സമർപ്പിച്ചു. ചരിത്രത്തിന്റെ പോയ കാല സംസ്കൃതി പുതിയ തലമുറയ്ക്ക് മുന്നിൽ ഓർമകളുടെ അടയാളപ്പെടുത്തൽ ഈ കാലഘട്ടത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടാണെന്നും ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ നെയ്യാറ്റിൻകര വെടിവയ്പിന്റെ ജീവസുറ്റ ചിത്രീകരണമാണ് വീരരാഘവം എന്ന ശീർഷകത്തിൽ തയാറാക്കപ്പെട്ടിരിക്കുന്നത്. 1938 ഓഗസ്റ്റ് 31 ന് നടന്ന വെടിവെയ്പിൽ അത്താഴമംഗലം രാഘവൻ, കല്ലുവിള പൊടിയൻ, നടൂക്കൊല്ല കുട്ടൻ, കുട്ടൻപിള്ള, വാറുവിളാകം മുത്തൻപിള്ള, വാറുവിളാകം പത്മനാഭൻപിള്ള, മരുത്തൂർ വാസുദേവൻ എന്നിവർ കൊല്ലപ്പെട്ടു..
നെയ്യാർ വരമൊഴി അത്താഴമംഗലം ജംഗ്ഷനിലെ വീരരാഘവ സ്മാരകത്തിന്റെ ചുമരിൽ പൂർത്തിയാക്കിയ ചരിത്രശില്പത്തിന് 20 അടി നീളവും 10 അടി ഉയരവുമുണ്ട്. നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ അദ്ധ്യക്ഷയായിരുന്നു. കെ. ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കെ.കെ. ഷിബു, കൗൺസിലർ ഡി. സൗമ്യ, പി.കെ. രാജ് മോഹൻ, എൻ. അയ്യപ്പൻനായർ, നഗരസഭ എൻജിനീയർ എസ്.കെ. സുരേഷ് കുമാർ, ലോറൻസ് എന്നിവർ പങ്കെടുത്തു.

കലാനിർമാണത്തിന് നേതൃത്വം നൽകിയ നെയ്യാർ വരമൊഴി ചെയർമാൻ അജയൻ അരുവിപ്പുറം, ശില്പിയും ചിത്രകലാ അദ്ധ്യാപകരുമായ ശ്രീകുമാർ ആമച്ചൽ, മണികണ്ഠൻ വരമൊഴി, കരാർ നിർവഹണം നടത്തിയ ഡി. സ്റ്റീഫൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.