ഒരു സാധാരണക്കാരിയായി സാരി ചുറ്റി മലയാളിമനസുകളിൽ കുടിയേറിയ താരമാണ് മാധുരി ബ്രഗാൻസ. ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക. 'ജോസഫ്' എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരം ഗ്ലാമറിന്റെ കാര്യത്തിൽ തനിക്ക് അതിർവരമ്പുകളില്ലെന്നും അതിന് ആരുടേയും സമ്മതം ആവശ്യമില്ലെന്നും പലതവണയായി തെളിയിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങൾക്ക് താഴെ മോശമായി അഭിപ്രായം കുറിച്ച ആരാധകന് സമൂഹമാദ്ധ്യമത്തിൽ ചുട്ടമറുപടി നൽകിയും മാധുരി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ തന്നെ വിമർശിക്കുന്ന എല്ലാവർക്കും ഉള്ളതാണ് ഇൗ മറുപടി എന്ന മുന്നറിയിപ്പോടെയാണ് മാധുരിയുടെ പുതിയ പോസ്റ്ര്. "ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല..." മാധുരി പറഞ്ഞു.
ഒരുപാട് മോശം മെസേജുകളും കമന്റുകളും വരുന്നുണ്ടെങ്കിലും ഇപ്പോൾ ഒരു മറുപടി അനിവാര്യമായി തോന്നിയെന്നും പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലതും അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ളതായിരുന്നു. ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറിത്. അനൂപ് മേനോൻ നായകനായി എത്തിയ മെഴുകുതിരി അത്താഴങ്ങൾ ആണ് മാധുരിയുടെ ആദ്യ ചിത്രം.
"നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു."
- മാധുരി ബ്രഗാൻസ