ആറ്റിങ്ങൽ: കായികമേഖലയെ ഉന്നതിയിലേക്ക് നയിക്കാൻ സർക്കാരുകൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും നാടിന്റെ പൊതുസ്വത്തായ ഒരു സ്റ്റേഡിയത്തിന് അവഗണന മാത്രം. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോളൂർ സ്റ്രേഡിയമാണ് ആരവമൊഴിഞ്ഞ് അനാഥമായി കിടക്കുന്നത്. പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് ഉതകുന്ന സ്റ്റേഡിയം വർഷങ്ങളായി സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. എന്നാൽ അടുത്തിടെ നാട്ടുകാരുടെ ശ്രമഫലമായി സ്റ്റേഡിയം വൃത്തിയാക്കി. എം.പി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് കായിക താരങ്ങൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും നിർമ്മിച്ചു.
എന്നാൽ വികസനത്തിന്റെ ഗ്രാഫ് ഇതോടെ അസ്തമിച്ചു. പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ സ്റ്റേഡിയം അനാഥമായി കിടക്കുകയാണ്. തെരുവ് നായ്ക്കൾക്ക് തമ്പടിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണിന്നിവിടം. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലാണ് സ്റ്രേഡിയം സ്ഥിതിചെയ്യുന്നത്. നല്ലരീതിയിൽ വികസിപ്പിച്ചാൽ നിരവധി സ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ സാധിക്കും. ഈ ദീർഘവീക്ഷണത്തോടെയാണ് മുൻതലമുറ സ്റ്റേഡിയത്തിനായി ഒരേക്കർ പത്ത് സെന്റ് ഭൂമി വിട്ടുനൽകിയത്. എന്നാൽ കാലാനുസൃതമായ വികസനം നടക്കാത്തതാണ് തിരിച്ചടിയായത്. സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മുമ്പും കേരളകൗമുദി വാർത്ത പ്രദ്ധീദ്ധീകരിച്ചിരുന്നു.
01. ചുറ്റുമതിൽ ഇല്ലാത്തതാണ് സ്റ്റേഡിയത്തിന്റെ പ്രധാന പോരായ്മ. ഇതാണ് തെരുവുനായ്ക്കൾ തമ്പടിക്കൻ കാരണം. നായ്ക്കളെ പേടിച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാൻപോലും എല്ലാവർക്കും ഭയമാണ്.
02. സ്റ്റേഡിയത്തിൽ വിശ്രമകേന്ദ്രം വന്നതോടെ സ്കൂളുകളിൽ നിന്ന് കായികതാരങ്ങൾ പരിശീലനത്തിനായി എത്തുമായിരുന്നു. എന്നാൽ ഇവിടെ കുടിവെള്ള സൗകര്യമില്ലാത്തതിനാൽ സമീപത്തെ വീടുകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. ഇത് പരാതിക്ക് ഇടയാക്കിയതോടെ കുട്ടികൾ ഇവിടേക്ക് പോകുന്നത് അദ്ധ്യാപകർ വിലക്കി.
03. സ്റ്റേഡിയത്തിന് മുന്നിലൂടെയുള്ള റോഡ് മുദാക്കൽ പഞ്ചായത്ത് ടാർ ചെയ്തിരുന്നു. എന്നാൽ മംഗലപുരം പഞ്ചായത്തിന്റെ ഭാഗമായുള്ള റോഡ് മെറ്റലിളകി കാൽനടയാത്രപോലും ദുഃസഹമായ അവസ്ഥയിലാണ്. ഇതും സ്റ്റേഡിയത്തിലേക്ക് കായിക താരങ്ങൾ എത്തുന്നതിന് തടസമാണ്.
സ്റ്റേഡിയത്തിന്റെ വിസ്തൃതി: 1.10 ഏക്കർ
നവീകരിച്ചത്: 8 വർഷംമുൻപ്
വിശ്രമകേന്ദ്രം നിർമ്മിച്ചത്: എം.പി ഫണ്ടിൽ നിന്ന്
...............................................................
സ്റ്റേഡിയത്തിന്റെ പ്രാധാന്യം മനസിലാക്കാൻ അധികൃതർ തയ്യാറാകണം. ചുറ്റുമതിൽ കെട്ടി കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കി നാട്ടുകാർക്ക് ഉപയോഗപ്രദമാക്കണം. റോഡിന്റെ ബാക്കി ഭാഗം റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം.
ഊരുപൊയ്ക അനിൽ, പ്രസിഡന്റ്, ഇടയ്ക്കോട് വെൽഫയർ സഹകരണ സംഘം