തിരുവനന്തപുരം: വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് നടത്തിയ ഹർത്താൽ സമാധാനപരം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ. കഴിഞ്ഞ ദിവസം ഡിവൈ.എഫ്‌.ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വെഞ്ഞാറമൂട്ടിലെ കോൺഗ്രസ് ഓഫീസ് കഴി‍ഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നേതാവ് രമണി പി. നായരുടെ വീട്ടിലെ ചെടിച്ചട്ടികളും ജനൽച്ചില്ലുകളും ബൈക്കിലെത്തിയ അക്രമി സംഘം തകർത്തു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് 30 പൊലീസുകാരെ വെമ്പായത്ത് വിന്യസിച്ചിട്ടുണ്ട്.