തിരുവനന്തപുരം: കെ.എസ്.ഇ.ബി മാറനല്ലൂർ സെക്‌ഷൻ ഓഫീസിലെ ജീവനക്കാരെ അക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. പ്രതികളുടെ ചിത്രം സഹിതം പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ പരാതി. ഇക്കഴിഞ്ഞ 23ന് ഉച്ചയ്ക്ക് 2.30ഓടെയാണ് പ്രദേശവാസികളായ പത്തംഗസംഘം മദ്യപിച്ചെത്തി ഓഫീസിൽ അക്രമം നടത്തിയത്.

ഓഫീസിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച് പാർക്ക് ചെയ്‌തിരുന്ന രണ്ട് വാഹനങ്ങൾ നീക്കണമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ആവശ്യപ്പെട്ടതിനെച്ചൊല്ലിയാണ് അക്രമം അരങ്ങേറിയത്. മാറനല്ലൂർ സെക്ഷൻ പരിധിയിലെ മൂലക്കോണത്തിന് അപകടത്തിൽ തകർന്ന 11 കെ.വി ലൈൻ പുനഃസ്ഥാപിക്കുന്നതിന് ഇറങ്ങിയ ജീവനക്കാരെ ഓഫീസ് വളപ്പിൽ തടഞ്ഞുവച്ചാണ് മർദ്ദിച്ചത്. ഓഫീസിൽ ടെലിഫോൺ പരാതി സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് എൻജിനിയർ ബിജുലാൽ വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്ത് എത്തിയില്ല. 11 കെ.വി ലൈൻ തകർന്ന സ്ഥലത്ത് അടിയന്തരമായി എത്താനുള്ളതിനാൽ സബ് എൻജിനിയർ ഓഫീസ് വളപ്പിന് പുറത്തുകിടന്ന സ്വന്തം കാറുമായി മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളുമായി വാക്കേറ്റമുണ്ടായി. തുടർന്ന് അക്രമിസംഘത്തിലുള്ള ഒരാൾ മാർഗതടസമായി കിടന്ന വാഹനം മാറ്റി. എന്നാൽ സംഘത്തിൽ ഉൾപ്പെട്ട ആരെയും കസ്റ്റഡിയിലെടുക്കാതെ പൊലീസ് മടങ്ങി. വൈകിട്ടോടെ ബിജുലാൽ പൊലീസിൽ പരാതി എഴുതി നൽകിയ ശേഷം സംഭവദൃശൃങ്ങൾ ഉൾപ്പെടെ പൊലീസിന് കൈമാറി. എന്നാൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ ഉൾപ്പെടെ അക്രമിസംഘത്തിലുണ്ടായിരുന്നതായി കെ.എസ്.ഇ.ബി ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.