മലയിൻകീഴ്:സർക്കാർ സർവീസിൽ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനായ യുവാവ് നാലുവർഷം മുമ്പ് മരിച്ച ആദ്യഭാര്യയിലെ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം വാടകവീട്ടിൽ തൂങ്ങി മരിച്ചു. മാറനല്ലൂർ കണ്ടല കോട്ടയിൽ വീട്ടിൽ സലീം (42), മകൻ ആഷ് ലിൻ (7) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സലീം.കുട്ടിയുടെ മൃതദേഹം കട്ടിലിലായിരുന്നു. കുടുംബ വീടിനടുത്തുള്ള വാടക വീട്ടിലായിരുന്നു താമസം.
തിങ്കളാഴ്ച രാവിലെ സഹോദരി വന്ന് വിളിച്ചിട്ടും കതക് തുറന്നില്ല. മറ്റുള്ളവരെ അറിയിച്ച് വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് കരുതുന്നു. മാറനല്ലൂർ സി.ഐ.രതീഷ്,എസ്.ഐ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വ്യവസായ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന ആദ്യഭാര്യ അമ്പിളി നാലുവർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ആഷ്ലിൻ. ഭാര്യയുടെ ജോലി സലിമിന് ലഭിച്ചു. ജോലിസ്ഥലമായ വികാസ് ഭവനിൽ വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു. ആദ്യ ബന്ധത്തിലെ മകളമായി ഇവിടെ താമസമാക്കിയ അവർ അടുത്തിടെ സ്വദേശമായ അടൂരിലേക്ക് പോയി.
അതിനിടെ നിലമ്പൂരിലെ ഒരു യുവതിയുമായി സോഷ്യൽ മീഡിയയിലൂടെ അടുപ്പത്തിലാവുകയും അവർ ഒപ്പം താമസിക്കാൻ ഇവിടെ എത്തുകയും ചെയ്തു. ഇതറിഞ്ഞതോടെ അടൂരിലേക്ക് മകളെയും കൂട്ടി പോയ ഭാര്യ പിണങ്ങുകയും വിവാഹബന്ധം ഒഴിയുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. പ്രശ്നം വഷളായതോടെ നിലമ്പൂരിൽ നിന്നെത്തിയ സ്ത്രീ മൂന്നു ദിവസം മുമ്പ് മടങ്ങിപ്പോവുകയും ചെയ്തു. ഇതോടെ ജീവിതം പ്രതിസന്ധിയിലായെന്ന ചിന്തയാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. ആഷ്ലിൻ സ്വകാര്യ സ്കൂളിലെ പ്രൈമറി ക്ലാസ് വിദ്യാർത്ഥിയാണ്.