നാഗർകോവിൽ: തമിഴ്നാട് സാത്താൻകുളം സ്റ്റേഷനിൽ വീണ്ടും ലോക്കപ്പ് മർദ്ദനം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട അയൽവാസിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടി സ്വദേശി മാർട്ടിനാണ് (43) ക്രൂരമർദ്ദനമേറ്റത്. രക്തസ്രാവം, മൂത്രതടസം, ശ്വാസതടസവും എന്നിവ ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയ മാർട്ടിന്റെ നില ഗുരുതരമാണ്.
അതേസമയം, മാർട്ടിൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും തൂത്തുക്കുടി എസ്.പി എസ് ജയകുമാർ പറഞ്ഞു. സംഭവത്തിൽ തൂത്തുക്കുടി ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തൂത്തുക്കുടി എസ്.പിയിൽ നിന്ന് വിശദീകരണം തേടി. ഒരു മാസം മുമ്പ് ഇതേ സ്റ്റേഷനിൽ വ്യാപാരികളായ അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് വിവാദമായിരുന്നു. സംഭവത്തിൽ പത്ത് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. അഞ്ച് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.