road-strike-vattiyoorka

പേരൂർക്കട: തിരുവോണ ദിവസം കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവിൽ റോഡ് ഉപരോധിച്ചു. ഗതാഗതം തടസപ്പെട്ടതോടെ സി.ഐ എ.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റുചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു. കൊടുങ്ങാനൂർ കൗൺസിലർ ഹരികുമാർ, വലിയവിള കൗൺസിലർ വി.ജി. ഗിരികുമാർ, വട്ടിയൂർക്കാവ് കൗൺസിലർ എസ്. ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മൂന്ന് വാർഡുകളുടെയും പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ച വൈകിട്ട് മുതൽ കുടിവെള്ള വിതരണം നിലച്ചിരുന്നു. വാട്ടർ അതോറിട്ടി പി.ടി.പി സെക്ഷനുമായി ബന്ധപ്പെട്ടപ്പോൾ രാത്രിക്ക് മുമ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ചയും വെള്ളം കിട്ടാതെ വന്നതോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.