തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങൾ എന്ന് പേരിട്ടുവിളിക്കുന്ന കൊലപാതക പരമ്പര അവസാനമില്ലാതെ തുടരുകയാണ്. വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജും, ഹഖ് മുഹമ്മദും കൊല ചെയ്യപ്പട്ടതാണ് ഈ പട്ടികയിൽ അവസാനത്തേത്. ഓരോ സംഭവം നടക്കുമ്പോഴും ഇത് അവസാനത്തേതാകട്ടെയെന്ന് ദീർഘനിശ്വാസത്തോടെ പറയുന്ന മാതാപിതാക്കളുടെയും വിധവകളുടെയും കുഞ്ഞുങ്ങളുടെയും വിലാപങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ കാണുന്നില്ല.

മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കോൺഗ്രസ് ബന്ധമുള്ളവർ ചേർന്ന് കൊലചെയ്ത സംഭവത്തിൽ തലസ്ഥാന ജില്ലായാകെ ഞെട്ടിയിരിക്കെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിരവധി പേരുടെ ഓർമകൾ വീണ്ടും ഉയരുകയാണ്. രണ്ടു പതിറ്റാണ്ടിനിടെ സി.പി.എം - ബി.ജെ.പി സംഘർഷത്തിൽ നിരവധി പേരാണ് തലസ്ഥാന ജില്ലയിൽ മരിച്ചത്. എന്നാൽ ജില്ലയിൽ ആദ്യമായാണ് കോൺഗ്രസ് പ്രവർത്തകരാൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ മരണപ്പെടുന്നത്. കണക്കുകൾ പരിശോധിച്ചാൽ സംഘർഷങ്ങളിൽപ്പെട്ട് ജില്ലയിൽ മരണപ്പെട്ടവരിൽ ഏറ്റവുംകൂടുതൽ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.

2013 നവംബർ 5 ന് ആനാവൂരിൽ വിദ്യാർത്ഥിയായ മകന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പ് കാരണം ബി.ജെ.പി പ്രവർത്തകർ കൊല ചെയ്ത നാരായണൻ നായരാണ് ഏറ്റവുമൊടുവിൽ മരിച്ച സി.പി.എം നേതാവ്. അർദ്ധരാത്രിയിൽ വീട്ടിലേക്ക് കടന്നുകയറിയാണ് നാരായണൻ നായരെ വെട്ടിക്കൊന്നത്. അതേവർഷം ഒക്ടോബർ 1 ന് പാറശാലയിൽ ബി.ജെ.പി പ്രവർത്തകർ കൊലചെയ്ത സജിൻ ഷാഹുൽ, 2008 ഏപ്രിൽ 2 ന് വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിന് സമീപം ആർ.എസ്.എസ് പ്രവർത്തകർ കൊലചെയ്ത വിഷ്ണു, 2004 ജൂലായ് 18 ന് പാലോട് പെരിങ്ങമ്മലയിൽ കൊല്ലപ്പെട്ട ദിൽഷാദ് എന്നിവരെല്ലാം ഈ പട്ടികയിലുണ്ട്.
വെഞ്ഞാറമൂട് സംഭവത്തിന് തൊട്ടുമുൻപ് ജില്ലയിൽ കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ കൊലപാതകം ശ്രീകാര്യത്ത് ആർ.എസ്.എസ് കാര്യവാഹക് രാജേഷ് കൊലചെയ്യപ്പെട്ട സംഭവമായിരുന്നു. രാത്രിയിൽ ബൈക്കിൽ വരികയായിരുന്ന രാജേഷിനെ തടഞ്ഞുനിറുത്തിയ സി.പി.എം -ഡി.വൈ.എഫ്‌.ഐ സംഘം രാജേഷിന്റെ ഇടതുകൈ വെട്ടിയെടുത്ത് ദൂരേക്ക് എറിയുകയും ശരീരത്തിൽ നാൽപതോളം വെട്ടുകൾ ഏൽപ്പിക്കുകയും ചെയ്തിരുന്നു. 2005 ജൂൺ 23 ന് മലയിൻകീഴിൽ ശിവസേന പ്രവർത്തകനായ അജികുമാറിനെ സി.പി.എം പ്രവർത്തകർ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലചെയ്തതും തലസ്ഥാനത്തിന്റെ നീറുന്ന ഓർമ്മയാണ്.