തിരുവനന്തപുരം: ആഡംബര ബൈക്കുമായി റേസിംഗ് നടത്തിയ കൗമാരക്കാരൻ പൊലീസ് പിടിയിലായി. മരപ്പാലം കവടിയാർ പബ്ലിക് റോഡിൽ ബൈക്ക് റേസിംഗ് നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐ സുനിൽ വി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അമിതവേഗതയിൽ ബൈക്കോടിച്ചെത്തിയ കൗമാരക്കാരനെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാഹനം ഓടിക്കാൻ നൽകിയതിന് ഇയാളുടെ രക്ഷാകർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വണ്ടിയുടെ ആർ.സി റദ്ദ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. പ്രദേശത്ത് ബൈക്ക് റൈസിംഗ് നിരന്തരം നടക്കുന്നുവെന്ന പരാതിയെ തുടർന്ന് ഈ ഭാഗത്ത് നിരീക്ഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.