jose-and-joseph

തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിന്റെ ഔദ്യോഗിക പാർട്ടി സ്ഥാനവും ചിഹ്നവും അനുവദിച്ചു കിട്ടിയതോടെ നിയമസഭാ വിപ്പ് തർക്കത്തിലുൾപ്പെടെ ജോസഫ് വിഭാഗത്തെ വെട്ടിലാക്കാനൊരുങ്ങി ജോസ് വിഭാഗം. വിപ്പ് ലംഘനത്തിന് പി.ജെ. ജോസഫിനും മോൻസ് ജോസഫിനുമെതിരെ നടപടിയാവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കും.

നിയമസഭാ സമ്മേളനത്തിൽ മുന്നണി നിർദ്ദേശം ലംഘിച്ച് അവിശ്വാസപ്രമേയ ചർച്ചയിലും, രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലും നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന കടുത്ത നിലപാടിലേക്ക് നീങ്ങിയ യു.ഡി.എഫ് നേതൃത്വത്തിനകത്തും പുതിയ സംഭവഗതികൾ ആശയക്കുഴപ്പം വിതച്ചു. നാളെ ചേരാനിരുന്ന മുന്നണി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന സൂചനകളുയർന്നിരുന്നെങ്കിലും, യു.ഡി.എഫ് യോഗം മാറ്റി വച്ചു. പ്രണബ് മുഖർജിയുടെ നിര്യാണത്തിലുള്ള ദു:ഖാചരണത്തിന്റെ പേരിലാണ് യോഗമാറ്റമെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി സൃഷ്ടിച്ച ആശയക്കുഴപ്പവും മുന്നണ നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെയടക്കം പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ജോസഫ് പക്ഷത്തുള്ള സി.എഫ്. തോമസ് അസുഖബാധിതനായതിനാൽ കഴിഞ്ഞ സഭാസമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിനെതിരെ ജോസ് പക്ഷം നടപടി ആവശ്യപ്പെടില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന ഔദ്യോഗിക പാർട്ടിക്കൊപ്പം താനുണ്ടാവുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന സി.എഫ്. തോമസിൽ, പുതിയ സാഹചര്യത്തിൽ ജോസ് പക്ഷം മനംമാറ്റം ആഗ്രഹിക്കാതില്ല.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയോടെ നിയമസഭയിലെ ഔദ്യോഗിക നേതൃത്വം തങ്ങൾക്കായെന്നാണ് ജോസിന്റെ അവകാശവാദം. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സ്പീക്കർക്ക് നൽകുന്ന ഡിക്ലറേഷനിൽ കേരള കോൺഗ്രസ്-എം പ്രതിനിധികളെന്ന നിലയിൽ പ്രവർത്തിക്കുമെന്ന് അംഗങ്ങൾ ഒപ്പിട്ടുനൽകണം. കൂറുമാറ്റനിയമപ്രകാരമുള്ള നടപടികൾക്ക് ആധാരമാക്കുക ഈ ഡിക്ലറേഷനാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമനുസരിച്ചാണ് സ്പീക്കർക്ക് നിലപാടെടുക്കാനാവുക ..ജോസഫ് പക്ഷം കുരുക്കിലാവുമെന്ന് തിരിച്ചറിഞ്ഞാണ് ജോസ് പക്ഷത്തിന്റെ നീക്കം.

നിയമസഭാകക്ഷിയിൽ പിളർപ്പില്ലാത്തതിനാൽ ജോസഫ് പക്ഷത്തിനെ പ്രത്യേക ഗ്രൂപ്പായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടില്ല. മൂന്നംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായാലും അവർക്ക് സഭയിലെ തന്നെ മറ്റേതെങ്കിലും കക്ഷിയുമായി ലയിച്ച് മാത്രമേ വിട്ടുമാറാനാകൂ. അല്ലെങ്കിൽ കൂറുമാറ്റനിയമപ്രകാരം അയോഗ്യരാകും.ഇത്തരം പ്രതിസന്ധികളെ മറികടക്കാനാണ് ജോസഫ് പക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ താൽക്കാലിക വിധിക്ക് സ്റ്റേ ലഭിക്കുന്ന പക്ഷം, നിയമസഭയുടെ അവശേഷിക്കുന്ന 8- 9 മാസക്കാലം തർക്കം നീട്ടാനാവും.