venjaramoodu-murder

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ കലാശിച്ചത് ഒരുവർഷത്തിലേറയായി പ്രദേശത്ത് നിലനിൽക്കുന്ന രാഷ്ട്രീയ വൈരാഗ്യം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഭവത്തിൻെറ തുടക്കമെന്നും പുല്ലമ്പാറ മുത്തിക്കാവ് ഫാംഹൗസിൽ വച്ചാണ് കൊലപാതകത്തിന് ഗൂഢാലോചന നടന്നതെന്നും പൊലീസിൻെറ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തായും പൊലീസ് സംശയിക്കുന്നു.

കൊട്ടികലാശ സമയത്ത് പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് ജംഗ്ഷനിൽ സംഘർഷമുണ്ടായി. അതിന് പിന്നാലെ ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ 17ന് പ്രതികൾ ആക്രമിച്ചു. അന്നേദിവസം, ഇപ്പോൾ കോലക്കേസിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. .

മേയ് 25ന് ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ഫൈസലിന് പ്രതികളുടെ നേതൃത്വത്തിൽ വധശ്രമമുണ്ടായി. ഫൈസലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയ, ഈ കേസിലും പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് മൂന്നു പേർ ഉൾപ്പടെ അറസ്റ്റിലായി. റിമാർഡ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിലാണ് കൊലയ്ക്കുള്ള ഗൂഡാലോചന നടന്നത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന മറ്റുചിലരും ഗൂഡാലോചനയുടെ ഭാഗമായെന്നും റിപ്പോർട്ടിൽ പറയുന്നു. കൃത്യത്തിൽ നേരിട്ടല്ലാതെ പങ്കുള്ള മറ്റുള്ളവരെയും കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കി.