തിരുവനന്തപുരം: കൊവിഡിനെതിരെ പോരാടുന്ന നഗരസഭയുടെ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ മേയർ കെ. ശ്രീകുമാർ ആദരിച്ചു. തിരുവോണ ദിനത്തിലും കർമ്മ നിരതരായ റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി തൈക്കാട് ശാന്തി കവാടത്തിലും വിഴിഞ്ഞം പഴയ പള്ളിയിലുമായി മേയർ കെ. ശ്രീകുമാറും ഒപ്പം ചേർന്നു. മൂന്ന് മൃതദേഹങ്ങളാണ് തിരുവോണ ദിനത്തിലും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചത്. കൊവിഡ് ബാധിതരായ 101 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ സംസ്കരിച്ചത്. തൈക്കാട് ശാന്തി കവാടത്തിൽ മേയർ കെ. ശ്രീകുമാർ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നഗരസഭയുടെ ആദരവ് നൽകി. റാപ്പിഡ് റെസ്‌പോൺസ് ടീമംഗങ്ങൾക്കുള്ള ഓണക്കോടിയും മേയർ വിതരണം ചെയ്തു. എൻ.എസ്‌. പ്രവീൺകുമാർ, ജെ. ജയകുമാർ, എസ്‌. ഷൈജുമോൻ, എൽ. ദിലീപ്‌, സി. മൊയ്‌തീൻ അടിമ, എം. മനോജ്‌, എം. സുരേഷ്‌, എൻ. മനാഫ്‌, എം. അബൂബക്കർ, എൻ. അൻസാരി, എസ്‌. അനിൽകുമാർ, ജി. സതി എന്നീ പന്ത്രണ്ട് പേരടങ്ങുന്നതാണ് ടീം. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ് റോയ്, ബിജു ബി.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷജി എം.എസ്, രജിത, രാജി എന്നിവർ പങ്കെടുത്തു.