പാനൂർ: കരിയാട് പടന്നക്കരയിൽ വീടിനു നേരെ അക്രമം. ചെല്ലക്കണ്ടി ഹാരീസിന്റെ വീടിന്റെ ജനൽചില്ലുകളും വീട്ടിൽ നിർത്തിയിട്ട കാറുമാണ് തകർത്തത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. പ്രദേശത്തുള്ള ആർ.എസ് എസ് ബി.ജെ.പി സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാരും പ്രദേശവാസികളും ആരോപിച്ചു.
ഈ വീടിന്റെ മതിലോട് ചേർന്ന് അങ്ങാടിപറമ്പത്ത് വിനീതിന്റെ സ്മരണക്കായ് ബി.ജെ.പി പ്രവർത്തകർ നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ പാനൂർ നഗരസഭ അധികൃതരുടെ നിർദ്ദേശപ്രകാരം പൊളിച്ചുമാറ്റിയിരുന്നു. നഗരസഭയുടെ നടപടി ഹാരീസിന്റെ പരാതിയെ തുടർന്നായത് ബി.ജെ.പി.പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായി വീട്ടിൽ റീത്ത് വെച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെതിരെ പരാതി കൊടുത്തതിനു പിന്നാലെയാണ് വീടും വാഹനവും ആക്രമിക്കപ്പെട്ടത്. തലശ്ശേരി ഡിവൈ.എസ്.പി, മൂസ്സ, ചൊക്ലി എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്ത് പൊലീസ് പിക്കറ്റിംഗും ഏർപ്പെടുത്തി.