chellanam

കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗണും കടലാക്രമണവും ദുരിതത്തിലാക്കിയ ചെല്ലാനത്തെ ജനങ്ങൾക്ക് നിരാശയുടെ തിരുവോണം. സർക്കാർ റേഷൻകടകൾ വഴിയും സന്നദ്ധ പ്രവർത്തകർ തിരഞ്ഞെടുത്ത വീടുകളിലും ഓണക്കിറ്റുകൾ വിതരണം ചെയ്തെങ്കിലും മിക്കവരും ആഘോഷങ്ങൾ ഒഴിവാക്കി. കടൽകയറ്റത്തിൽ വാസയോഗ്യമല്ലാതായ പല വീടുകളും താമസയോഗ്യമല്ലാത്തതിനാൽ പലരും അയൽവീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പേരുപറഞ്ഞ് ജനപ്രതിനിധികളോ സർക്കാർ ഉദ്യോഗസ്ഥരോ ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിച്ചിട്ടില്ല. രണ്ടു വാർഡുകളിൽ മാത്രം രോഗം സ്ഥിരീകരിച്ചപ്പോൾ പഞ്ചായത്തിൽ മുഴുവനായി ഗ്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മാദ്ധ്യമപ്രവർത്തകർക്കു പോലും കടന്നുവരാൻ കഴിഞ്ഞില്ല. ദുരിതങ്ങളുടെ യഥാർത്ഥചിത്രം പുറംലോകം അറിഞ്ഞില്ല.

പ്രതിഷേധം ശക്തം

ചെല്ലാനത്തെ ജനങ്ങളോട് ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും കാട്ടുന്ന അവഗണനയിൽ കെ.എൽ.സി.എ. സംസ്ഥാന സമിതി പ്രതിഷേധിച്ചു. ചെല്ലാനത്തെ കടൽഭിത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിലും തകർന്ന കടൽഭിത്തി പുനർനിർമ്മിക്കുന്നതിലും സർക്കാരിനു സംഭവിച്ച വീഴ്ചയാണ് ദുരിതത്തിന് കാരണം. അതിന്റെ ഉത്തരവാദിത്വം സർക്കാർ പൂർണമായി ഏറ്റെടുക്കണം. കടലാക്രമണത്തിൽ ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ പ്രദേശവാസികളുടെ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തണം. ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യന്ത്രിക്ക് വീണ്ടും പരാതി നൽകുന്നതിന് യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ, സംസ്ഥാന സെക്രട്ടറി ബിജു ജോസി, ഫാ. ആന്റണി കുഴിവേലി, ഫാ. ജോൺസൻ പുത്തൻവീട്ടിൽ, കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ആലപ്പുഴ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, ബാബു കാളിപ്പറമ്പിൽ, രാജു ഈരശേരി, ജോബ് പുളിക്കൽ എന്നിവർ സംസാരിച്ചു.