തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾ എത്തിയതിന്റെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എൻ.ഐ.എ സെക്രട്ടേറിയറ്റിൽ പരിശോധന നടത്തി. എൻ.ഐ.എ സാങ്കേതിക അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസറും സിഡാക്കിലെ വിദഗ്ധനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു വർഷത്തെ തുടർച്ചയായ ദൃശ്യങ്ങൾ പകർത്തി നൽകാൻ പാകത്തിലുള്ള ഹാർഡ് ഡിസ്ക് ലഭ്യമല്ലെന്നും ആവശ്യമുള്ളവ ശേഖരിക്കാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
രാവിലെ 10.15ന് എത്തിയ സംഘം 3.45ഓടെയാണ് മടങ്ങിയത്. ആദ്യം കാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ പരിശോധിച്ചു. ഏതുസമയത്തേയും ദൃശ്യം ലഭ്യമാണോ എന്നറിയാൻ റാൻഡം പരിശോധന നടത്തി.ഐ.ടി.സെക്രട്ടറി മുഹമ്മദ് വൈ.സഫീറുള്ളയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. 83 കാമറകളാണ് സെക്രട്ടേറിയറ്റിലുള്ളത്. ഏതൊക്കെ കാമറകളിലെ ദൃശ്യങ്ങൾ വേണമെന്ന് എൻ.ഐ.എ
പൊതുഭരണവകുപ്പിനെ അറിയിക്കും. അത് മാത്രം ഹാർഡ് ഡിസ്ക്കിൽ പകർത്തി നൽകിയാൽ മതി.
പ്രതികളായ സ്വപ്നാ സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവർ എത്ര തവണ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഓഫീസ് സന്ദർശിച്ചു? പ്രതികൾക്കൊപ്പം ആരൊക്കെ ഉണ്ടായിരുന്നു? മന്ത്രിമാരുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്.