തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് പല ഭാഗത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായ അക്രമം.
വെഞ്ഞാറമൂടിന് പുറമെ കന്യാകുളങ്ങര, വെമ്പായം, പേട്ട എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു.പലയിടത്തും കോൺഗ്രസ് കൊടിമരങ്ങളും തകർത്തു. ചിലയിടങ്ങളിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വീടുകളിലേക്ക് കല്ലേറ് നടന്നു.
ഏറ്റവുമധികം അക്രമമുണ്ടായത് കണ്ണൂരിലാണ്. ഇവിടെ മാത്രം ഇരുപതോളം ഓഫീസുകൾ ബോംബിട്ടും കല്ലെറിഞ്ഞും അടിച്ചും തകർത്തു. കോഴിക്കോടും സമാനമായ അക്രമ പരമ്പരകൾ നടന്നു.
കോടിയേരിയിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് ബോംബിട്ട് തകർത്തു. എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും അക്രമമുണ്ടായി. പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരക മന്ദിരവും, അഞ്ചരക്കണ്ടിയിലെ കോൺഗ്രസ് ഓഫീസും തകർത്തിട്ടുണ്ട്. നാദാപുരം കല്ലാച്ചി മണ്ഡലം ഓഫീസുകളിൽ ബോംബേറ് നടന്നു. കക്കോടിയിലെ കോൺഗ്രസ് ഓഫീസ് അടിച്ച് തകർത്തു. കുണ്ടായിത്തോട് മുഹമ്മദ് അബ്ദുറഹ്മാൻ വായനാശാലയ്ക്ക് നേരെയും അക്രമം ഉണ്ടായി.വെഞ്ഞാറമൂട്ടിലും വെമ്പായത്തും സമാന സംഭവങ്ങൾ ഉണ്ടായി. അക്രമത്തിൽ പ്രതിഷേധിച്ച് വെമ്പായത്ത് യു.ഡി.എഫ് നടത്തിയ ഹർത്താൽ സമാധാനപരമായിരുന്നു.
കണ്ണൂരിലെ അക്രമങ്ങൾ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. ഒരു തരത്തിലുള്ള അക്രമങ്ങളെയും പിന്തുണയ്ക്കില്ലെന്നും അക്രമികൾക്ക് നിയമസഹായം നൽകില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭാ പേട്ട കൗൺസിലർ ഡി. അനിൽകുമാർ ഉപവാസ സമരം നടത്തി.