തിരുവനന്തപുരം: തിരുവോണത്തിന് മദ്യപസംഘത്തിന്റെ വാക്കുതർക്കത്തിനിടെ നാടൻ ബോംബ് കൈയിലിരുന്ന് പൊട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കേശവദാസപുരം മോസ്‌ക് ലെയ്‌നിലായിരുന്നു സംഭവം. പോത്തൻകോട് അയിരൂർപ്പാറ സ്വദേശി സ്റ്റീഫനാണ് (29) പരിക്കേറ്റത്. കൈപ്പത്തികൾക്ക് പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു പൊലീസും ബോംബ് സ്‌ക്വാഡും ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി. സ്റ്റീഫന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തിരുവോണ ദിനത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് സമീപവാസികൾ ഭീതിയിലായി. ചെമ്പഴന്തിയിൽ നിന്നെത്തിയ ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മോസ്‌ക് ലെയ്‌നിൽ ഇവർ മദ്യപാനം തുടർന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ നാടൻ ബോംബ് ഭീകരശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്ന ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അമിട്ട് കൈയിൽ വച്ച് കത്തിച്ചതിനിടെ സംഭവിച്ച അപകടമെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടക നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ അറിയിച്ചു.