തിരുവനന്തപുരം: കൊവിഡ് കാലമാണ്. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. ഈ നിർദ്ദേശങ്ങളൊന്നും തലസ്ഥാനത്തിന്റെ സ്വന്തം അശ്വാരൂഢ സേനയായ 'പാലസ് ഗാർഡിന് ' ബാധകമേയല്ല. കാരണം വ്യായാമം മുടക്കാൻ സാധിക്കില്ലല്ലോ? വീട്ടിലിരുന്നാൽ പണി പാലുംവെള്ളത്തിൽ കിട്ടും.
വ്യായാമം നടന്നില്ലെങ്കിൽ കൈകാലുകളിലെ മസിലുകളിൽ വേദന അനുഭവപ്പെട്ട് കുതിരകൾ കിടപ്പിലാവാൻ സാദ്ധ്യത ഏറെയാണ്. ഇതാണ് അശ്വാരൂഢസേന രാവിലെയും വൈകിട്ടും രാത്രിയുമുള്ള പട്രോളിംഗ് തുടരുന്നതിനുള്ള കാരണം. വിലക്ക് ലംഘനങ്ങളും മാസ്‌ക് ധരിക്കാതെയുള്ള യാത്രകളും റിപ്പോർട്ട് ചെയ്യാനും സേന മുൻനിരയിലുണ്ട്.
കണ്ണേറ്റുമുക്കിലെ 1.14 എക്കറിലാണ് സേനയുടെ പ്രവർത്തനം. 1980ൽ തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് ആശ്വാരൂഢ സേനയുടെ ആരംഭം. സ്വാതന്ത്ര്യത്തിന് മുമ്പ് 'രാജപ്രമുഖാസ് ബോഡിഗാർഡ് ' എന്നതായിരുന്നു ആദ്യപേര്. പിന്നീടത് 'പാലസ് ഗാർഡ് ' എന്നായി. പാളയം ബോഡിഗാർഡ് സ്‌ക്വയറിലായിരുന്നു പ്രവർത്തനം. കുതിരകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു അസിസ്റ്റന്റ് ഡയറക്ടറും (വെറ്ററിനറി) ഒരു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുമുണ്ട്. കണ്ണേറ്റുമുക്കിലെ കേന്ദ്രത്തിലെ ഗ്രൗണ്ടിൽ വ്യായാമത്തിന്റെ ഭാഗമായി ഇവയെ ഓടിക്കും. ഇത് കൂടാതെയാണ് നഗരം ചുറ്റൽ.
നഗരപ്രദക്ഷിണം ഇങ്ങനെ....
ആദ്യസംഘം രാവിലെ 5.30 മുതൽ 7 വരെ മ്യൂസിയം, കനകക്കുന്ന്, കവടിയാർ തുടങ്ങിയ ഭാഗങ്ങളിൽ ഇറങ്ങും. പിന്നാലെ 7 മുതൽ 9 വരെ അടുത്ത സംഘമിറങ്ങും. ഇത് ജഗതി, പൂജപ്പുര, പാളയം, രാജാജിനഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെ തിരികെ കണ്ണേറ്റുമുക്കിൽ എത്തും. വൈകിട്ട് 4 മുതൽ 6 വരെ ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, വെള്ളയമ്പലം, വഴുതക്കാട് ഭാഗങ്ങളിലൂടെയാണ് അടുത്ത സംഘത്തിന്റെ റോന്ത്ചുറ്റുൽ. 5.30 മുതൽ 7.30 വരെ മറ്റൊരു സംഘവും നഗരത്തിലിറങ്ങും. രാത്രി 11 മുതൽ പുലർച്ചെ 3 വരെയാണ് അവസാന ബാച്ചിന്റെ നഗരപ്രദക്ഷിണം. ഇത് മണക്കാട്, കിഴക്കേകോട്ട, ശ്രീകണ്‌ഠേശ്വരം, തമ്പാനൂർ തുടങ്ങിയ ഭാഗങ്ങളിലൂടെ തിരികെ കണ്ണേറ്റുമുക്കിൽ എത്തും. ഓരോ സംഘത്തിലും രണ്ടു കുതിരകളാണുള്ളത്.
മറ്റ് ഡ്യൂട്ടികൾ
റിപ്പബ്ലിക് ദിനപരേഡ്, സ്വാതന്ത്ര്യദിന പരേഡ്, സർക്കാരിന്റെ ഘോഷയാത്രകൾ, രാവിലെയും വൈകിട്ടും രാത്രിയിലുമുളള പട്രോൾ ഡ്യൂട്ടികൾ എന്നിവ പ്രധാന ജോലികളാണ്. കൂടാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട, നവരാത്രി ആഘോഷ പരിപാടിയുമായുളള ഘോഷയാത്രകൾ എന്നിവയ്ക്കും കുതിരകൾ അകമ്പടി സേവിക്കുന്നു.
സേനയിൽ 25 കുതിരകൾ
25 കുതിരകളാണ് ഇപ്പോൾ അശ്വാരൂഢസേനയിൽ ഉള്ളത്. 22 നും 25 നും ഇടയിൽ പ്രായമുള്ള 5 കുതിരകൾ ഉണ്ട്. ഇതിൽ 4 എണ്ണം പ്രായാധിക്യത്താൽ അവശരാണ്. കഴിഞ്ഞ വർഷം സേനയിലേക്ക് വാങ്ങിയ 9 എണ്ണത്തിന് 2 – 3 വയസാണ് പ്രായം. 8 പേർ 10 നും 13 നും ഇടയി പ്രായമുള്ളവരാണ്.