കരളേ നിന്നെ ഞാൻ പൊന്നുപോലെ നോക്കുമെന്ന് പറയുന്നവർ കരളിന്റെ ആരോഗ്യത്തിനായി ചിലകാര്യങ്ങൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.

വളരെയേറെ ജോലികൾ നാമറിയാതെ ചെയ്തുതീർക്കുന്ന ഗ്രന്ഥിയാണ് കരൾ. മദ്യപിക്കുന്നവർക്ക് കരൾ രോഗം ബാധിക്കാനുള്ള സാദ്ധ്യത മദ്യപിക്കാത്തവരെക്കാൾ കൂടുതലാണ്. എന്നാൽ കരൾരോഗത്തിന് മദ്യപാനം ഒരു നിർബന്ധമല്ല.

ജീവിതശൈലി രോഗങ്ങളുടെ ശമനത്തിന് ദിനംപ്രതി ഉപയോഗിക്കുന്ന മരുന്നുകളും, ചില ഭക്ഷണങ്ങൾ പോലും കരളിനെ നശിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി, മഞ്ഞപ്പിത്തം എന്നിവയും കരളിനെ ബാധിക്കും.കൊഴുപ്പ് കൂടിയാൽ ഫാറ്റി ലിവറുമുണ്ടാകും.

ഭക്ഷണമാകട്ടെ, മരുന്നാകട്ടെ അതിലുള്ള വിഷാംശം കരൾ ആഗീരണം ചെയ്യുന്നതുകൊണ്ടാണ് ആ വിഷം നമുക്ക് മാരകമാകാത്തത്. എന്നാൽ ഇപ്രകാരം വിഷത്തെ വലിച്ചെടുത്ത് സൂക്ഷിക്കുന്നത് കാരണം ഒരിക്കൽ കരളിന് അതിന്റെ പ്രവൃത്തി ചെയ്യാൻ സാധിക്കാതെ വരും. ചുരുക്കത്തിൽ, നമ്മളെ രക്ഷിക്കാനായി ചെയ്യുന്നത് കരളിന് തന്നെ വിനയായി മാറുന്നു.

 പനിക്കുള്ള ചില ഗുളികകൾ, വൈറസ് ജന്യമായ പനികളിൽ ആൻറിബയോട്ടിക്സിന്റെ ഉപയോഗം, വേദനാസംഹാരികൾ, ചുമയ്ക്കുള്ള ചില മരുന്നുകൾ, പ്രമേഹത്തിനും കൊളസ്ട്രോളിനും ഹൃദ്രോഗത്തിനും കഴിക്കുന്ന മരുന്നുകൾ, നിറമുള്ള ഭക്ഷണം, കോള, പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിദ്ധ്യം,മദ്യം, ടിന്നിലടച്ച് വരുന്ന പാൽപ്പൊടികൾ, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങി നമ്മുടെ ശരീരത്തിന് വിരുദ്ധമായതെന്തും കരളിനെ പ്രതിസന്ധിയിലാക്കും.

 ചൈന സാൽട്ട് എന്ന പേരിൽ അറിയപ്പെടുന്ന അജ്നാമോട്ടോ വലിയ കുഴപ്പമുണ്ടാക്കും.പഴകിയ മാംസത്തെ പോലും മൃദുവും രുചികരമാക്കാനും പല ഭക്ഷണങ്ങൾ കൂടുതൽ രുചിയുള്ളതാക്കാനും അധികമായ അളവിൽ ഇത് കേരളത്തിലും ഉപയോഗിക്കുന്നുണ്ട്.

 നെഞ്ചെരിച്ചിലും, മലബന്ധവും, ചിലപ്പോൾ മലം പിടിച്ചു നിർത്താൻ സാധിക്കാതെ തുടർച്ചയായി പോകലും, രക്തം ചേർന്ന് മലം പോവുകയും, മലം ഉരുണ്ട് ഗുളികകൾ പോലെ കറുത്ത നിറത്തിൽ പോവുകയും, രക്തം ഛർദ്ദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ കരൾരോഗം ഇല്ലെന്ന് പരിശോധനയിൽ ഉറപ്പുവരുത്തണം.

 ഗ്യാസിന്റെ ബുദ്ധിമുട്ട് തുടർച്ചയായി ഉള്ളവർ കൊളസ്ട്രോളും ലിവറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ടെസ്റ്റുകളും പരിശോധിപ്പിക്കണം.

 അൾട്രാസൗണ്ട് പരിശോധന നടത്തി ലിവറിന്റെ ഗ്രേഡുകൾ തിരിച്ചശേഷം ഇതിനൊന്നും മരുന്നില്ലെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിർബന്ധമായും ചില ഭക്ഷണക്രമങ്ങൾ ശീലിക്കുകയും ദഹനചന പ്രകൃയകൾ ക്രമമാക്കുകയും ആയുർവേദ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് കരളിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും.

 വളരെ വീര്യം കുറഞ്ഞ മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കുക.

ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കുക. മാരക കീടനാശിനികൾ ഒഴിവാക്കിയുള്ള കൃഷി പ്രോത്സാഹിപ്പിക്കുക. ഹിതമല്ലാത്ത ആഹാരങ്ങൾ പരമാവധി ഉപേക്ഷിക്കുക. പാരമ്പര്യമായി ശീലിച്ച ഭക്ഷണപാനീയ സംസ്കാരം അനുവർത്തിക്കുക

മറ്റ് അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ കരളിനെ സംരക്ഷിക്കുന്നവ ആണെന്ന് ഉറപ്പുവരുത്തുക.

 ഡോക്ടർ നിർദ്ദേശിക്കാത്ത മരുന്നുകൾ ഉപയോഗിക്കരുത്. പണ്ട് നിർദ്ദേശിച്ചിട്ടുണ്ടെന്ന കാരണത്താൽ ആ മരുന്നുകൾ വീണ്ടും ഉപയോഗിക്കരുത്.

ഗ്യാസ് ഉണ്ടാക്കുന്നതോ മലശോധന കുറയ്ക്കുന്നതോ ആയ ആഹാരം ശീലിക്കരുത്.