kulam

പൂവാർ: തിരുപുറം പഞ്ചായത്തിലെ ഏറ്റവും വലിയ കുളമാണ് എട്ടാം വാർഡിലെ കള്ളക്കുളം. മൂന്ന് ഏക്കറിലായി ജലസമൃദ്ധമായിരുന്ന കുളം നവീകരണമില്ലാതെ കാട് മൂടിയ അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞ കുളത്തിന്റെ പല ഭാഗങ്ങളും ഇന്ന് കൈയേറ്റക്കാരുടെ കൈകളിലാണെന്ന് പ്രദേശവാസികൾ പറയുന്നു. കുളിക്കുന്നതിനും, തുണി അലക്കുന്നതിനും, കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഒരുകാലത്ത് ഈ കുളത്തെ ആശ്രയിച്ചിരുന്നു. പ്രധാനമായും കള്ളക്കുളത്തോട് ചേർന്ന മുടുമ്പിൽ ഏലായിലെ നെൽകർഷകരും മറ്റ് കൃഷിക്കാരും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെ വെള്ളം സംഭരിച്ച് നിറുത്താൻ കഴിയാതായതോടെ പ്രദേശത്തെ കൃഷിയും ഭാഗീകമായി നിലച്ചു. മുടമ്പിൽ ഏലായിലെ കൃഷി ലക്ഷ്യമാക്കി കള്ളക്കുളത്തിൽ വെള്ളമെത്തിക്കുന്നതിന് നടപ്പിലാക്കിയ

നെയ്യാർ ഇറിഗേഷൻ പ്രോജക്ടും നെയ്യാറിൽ നിന്ന് വെള്ളമെത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിച്ചു. മഴവെള്ളമല്ലാതെ കുളത്തിൽ മറ്റൊരു മാർഗ്ഗത്തിലൂടെയും വെള്ളം നിറയ്ക്കാൻ കഴിയാത്തതാണ് കുളം ഉപയോഗശൂന്യമായതെന്ന് തിരുപുറം വാർഡ് മെമ്പർ ഷനോജ് പറഞ്ഞു. കുളം വൃത്തിയാക്കി, ആവശ്യമായ പൈപ്പുകളും, ഓടയും സ്ഥാപിച്ച് ലിഫ്റ്റ് ഇറിഗേഷൻ നവീകരിക്കുന്നതിന് 30 ലക്ഷം രൂപ വേണ്ടി വരും. സ്വാഭാവിക നീരുറവകളെ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രദേശത്ത് നടപ്പാക്കാനായിട്ടില്ല. ഇതിനായി എം.പി, എം.എൽ.എ തുടങ്ങിയവരെ സമീപിച്ചുവെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ലെന്നും വാർഡ് മെമ്പർ പറയുന്നു. മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞതോടെ സ്വാഭാവികമായ നീരുറവകളും വറ്റിപ്പോയി. കുളം നവീകരിച്ച് പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നത്.

പദ്ധതി പാതിവഴിയിൽ

നെയ്യാറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കുളത്തിൽ എത്തിക്കാൻ നടപ്പാക്കിയ പദ്ധതിയായിരുന്നു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകൾ തുടങ്ങിയവ നശിച്ചു കൊണ്ടിരിക്കുന്നു. കുളത്തിന്റെ ബണ്ടിലൂടെ റോഡ് എത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടിപ്പോയി. പമ്പുഹൗസിന്റെ ഇലക്ട്രിക്ക് ബിൽ ആരും അടയ്ക്കാതെയായതോടെ ഇതിന്റെ പ്രവർത്തനവും നിശ്ചലമായി. ഇപ്പോൾ പദ്ധതി പുനരാവിഷ്കരിച്ച് ഓട നവീകരിക്കുന്നതിന് 10 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചിരിക്കുകയാണ്.

വേനൽക്കാലത്ത് പ്രദേശത്തെ കിണറുകളിൽ വെള്ളം വറ്റാതിരിക്കാനും കൃഷി നിലനിർത്താനും കുളം നവീകരിച്ച് സംരക്ഷിക്കണം (തിരുപുറം സതീഷ് കുമാർ,സാമൂഹ്യ പ്രവർത്തകൻ)