ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 166 -ാമത് ജയന്തി ഭക്തിനിർഭരവും പ്രാർത്ഥനാപൂർണവുമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിച്ചു.. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഘോഷയാത്രകളും സമ്മേളനങ്ങളും അന്നദാനവും ഉൾപ്പെടെയുള്ള പതിവ് ആഘോഷ പരിപാടികൾ ഒഴിവാക്കി.ഗുരുപൂജ,ഗുരു പുഷ്പാഞ്ജലി, ജപയജ്ഞം, സമൂഹ പ്രാർത്ഥന തുടങ്ങിയ പൂജാചടങ്ങുകളോടെയായിരുന്നു ചെമ്പഴന്തിയിലെയും ശിവഗിരിയിലെയും അരുവിപ്പുറത്തെയും ആലുവ അദ്വൈതാശ്രമത്തിലെയും മറ്റ് ഗുരുദേവ മഠങ്ങളിലെയും ആഘോഷം. എസ്.എൻ.ഡി.പി യോഗത്തിന്റെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലും ലളിതമായ പൂജാചടങ്ങുകളോടെ ജയന്തി ആഘോഷിച്ചു.
ശിവഗിരി മഹാസമാധിയിൽ രാവിലെ 6.15 ന് നടന്ന സമൂഹ പ്രാർത്ഥനയിലും വിശേഷാൽ ഗുരുപൂജയിലും ശ്രീനാരായണ ധർമമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരും മറ്റ് സന്യാസിവര്യന്മാരും ബ്രഹ്മചാരികളും പങ്കുചേർന്നു. മഹാസമാധി പീഠത്തിൽ നിന്ന് പൂജിച്ച ധർമ്മപതാക സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി, ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ എന്ന മൂല മന്ത്ര ജപത്തോടെ കൊടിമരച്ചുവട്ടിൽ എത്തിയശേഷം സ്വാമി വിശുദ്ധാനന്ദ ധർമ്മ പതാക ഉയർത്തി ജയന്തി മുതൽ മഹാസമാധി വരെയുളള ജപയജ്ഞം വൈദികമഠത്തിൽ സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്വാമി സാന്ദ്രാനന്ദ,സ്വാമി അവ്യയാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി പരാനന്ദ, സ്വാമി സത്യാനന്ദ തീർത്ഥ, ശിവഗിരി മഠം പി.ആർ.ഒ കെ.കെ. ജനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ, ഗുരുദേവ റിക്ഷയും വഹിച്ച് നഗര പ്രദക്ഷിണം നടത്തിയുളള ഘോഷയാത്ര ഇക്കുറി ഒഴിവാക്കി. വൈകിട്ട് 5.30 ഓടെ സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ സന്യാസി ശ്രേഷ്ഠൻമാരും ബ്രഹ്മചാരികളും ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് പ്രാർത്ഥനയോടെ ഗുരുദേവ റിക്ഷ മഹാസമാധി മന്ദിരത്തിൽ പ്രദക്ഷിണം നടത്തി. യജ്ഞശാലയിൽ വിശേഷാൽ ഹോമവും ഉണ്ടായിരുന്നു. വൈകിട്ട് 6.30 ന് മഹാസമാധിയിലും ശാരദാ മഠത്തിലും വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന, ആരതി എന്നിവയും നടന്നു.
.....................................
ഫോട്ടോ: ജയന്തി മുതൽ മഹാസമാധിവരെ ശിവഗിരി വൈദികമഠത്തിൽ നടക്കുന്ന ജപയജ്ഞത്തിന്റെ ഉദ്ഘാടനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിക്കുന്നു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി നിത്യ സ്വരൂപാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി അവ്യയാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സമീപം.
ഫോട്ടോ: 166-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശിവഗിരിമഠത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മ പതാക ഉയർത്തുന്നു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് എന്നിവർ സമീപം.