മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വെള്ളം മുടങ്ങിയിരിക്കുകയാണ്. തിരുവോണ നാളിലും പൈപ്പ് വെള്ളം ലഭ്യമായില്ല. ചൂഴാറ്റുകോട്ട പമ്പ് ഹൗസിൽ സ്ഥലം എം.എൽ.എ ഐ.ബി. സതീഷ് നേരിട്ടെത്തി അടിയന്തരമായി കുടിവെള്ളം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ പഞ്ചായത്തിൽ രണ്ട് കുടിവെള്ള പദ്ധതികൾ ഉണ്ടായിട്ടും പ്രദേശത്തുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ്.
കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പല ഘട്ടങ്ങളിലായി രാപകൽ സമരമുൾപ്പെടെ നടത്തിയിരുന്നു. അപ്പോഴെല്ലാം വാട്ടർ അതോറിട്ടി അധികൃതർ നേതാക്കളുമായി ചർച്ച നടത്തുകയും കുടിവെള്ളം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യും. നിശ്ചിത ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പഴയ പടിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ രാപകൽ സമരം ഈ പ്ലാന്റിന് മുന്നിൽ നടന്നിട്ടുണ്ട്. സി.പി.എം വിളവൂർക്കൽ പഞ്ചായത്ത് ഓഫീസിലും ബി.ജെ.പി പ്രവർത്തകർ പ്ലാന്റിന് മുന്നിലുമുൾപ്പെടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ കുടിവെള്ള ക്ഷാമത്തിന് ഇതുവരെ പരിഹാരമായില്ല.