1

പൂവാർ: വർണാഭമായ ഒരു ഓണക്കാലത്തിനായി കാത്തിരുന്ന പൂവാർ തീരം, അപ്രതീക്ഷിതമായി വന്നുഭവിച്ച കൊവിഡ് രോഗഭീതിയെ തുടർന്ന് വിജനമായിരിക്കുകയാണ്. രാജ്യം ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതോടെ വിദേശികളോ സ്വദേശികളോ ആരും കടന്നു വരാത്ത ഒരു തീരമായി പൂവാർ മാറി. ചരിത്രത്തിന്റെ ശേഷിപ്പുകൾ അടയാളമായി നിലകൊള്ളുന്ന എ.വി.എം കനാലും, സഹ്യപർവത സാനുക്കളിൽ നിന്നു ഉത്ഭവിക്കുന്ന നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്ന അപൂർവ കാഴ്ചയും, ബ്രേക്ക് വാട്ടിലെ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരിയും ടൂറിസ്റ്റുകളെ വിസ്മയഭരിതമാക്കാൻ തുടങ്ങിയതോടെയാണ് പൂവാർ തീരം കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചത്.

പിന്നീടിങ്ങോട്ടുള്ള എല്ലാ ഓണക്കാലത്തും ഇവിടെ തിരക്കേറി. പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെയും പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ഓണാഘോഷം ഇവിടം കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. സ്വദേശികൾക്ക് കുടുംബസമേതം സുരക്ഷിതമായി ഓണം ആഘോഷിക്കാമെന്നതായിരുന്നു ഇവിടത്തെ പ്രത്യേകത. എന്നാലിന്ന് എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ബ്രേക്ക് വാട്ടറിൽ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ബോട്ടുകൾ കാണാനില്ല. ഐസ്ക്രീം കച്ചവടക്കാരുടെ 'മണി' ശബ്ദം നിലച്ചു. രാത്രികളിൽ പ്രഭ ചൊരിഞ്ഞ് മിന്നിത്തിളങ്ങിയിരുന്ന ദീപവിതാനങ്ങൾ എല്ലാം അണഞ്ഞുപോയി. മംഗ്ലീഷ് പറയുന്ന കച്ചവടക്കാർ എങ്ങോ പോയ് മറഞ്ഞു. ബലൂൺ കച്ചവടക്കാർ മുതൽ ബോട്ടു തൊഴിലാളികളും റിസോർട്ട് ജീവനക്കാരും വരെ പട്ടിണിയും പരിവട്ടവും പുലമ്പി തീരം വിട്ടുപോയി. ഒരു ഓണക്കാലം കൊണ്ട് അവർ നേടിയിരുന്നത് ഒരു വർഷം കഴിഞ്ഞു കൂടാനുള്ള വരുമാനം കൂടെയായിരുന്നു. ഇന്ന് എല്ലാം ഓർമ്മയിൽ മാത്രമാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആളും ആരവവും കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്ന തീരത്തിപ്പോൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരും, മണൽപ്പരപ്പിൽ കുടിൽ കെട്ടി കാവലിരിക്കുന്ന രണ്ട് ലൈഫ്ഗാർഡുകളും മാത്രം.