a-renjith

ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്ററായാണ് ചിത്രം പ്രഖ്യാപിച്ചത്. മലയാള സിനിമയിൽ ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ മോഷൻ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന ' എ രഞ്ജിത്ത് സിനിമ ' കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാന്റിക് ത്രില്ലർ ചിത്രമാണ്. അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ ദൃശ്യവത്കരിക്കുന്ന ചിത്രത്തിൽ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ
നിഷാദ് പീച്ചി നിർമിക്കുന്ന ചിത്രം സി.എച്ച് മുഹമ്മദ് റോയൽ സിനിമാസ് തിയേറ്ററിൽ എത്തിക്കും.
സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ സംഗീതം പകരുന്നു. എഡിറ്റർ: ദിലീപ് ഡെന്നീസ്. പി.ആർ.ഒ: എ.എസ്.ദിനേശ്.