കുറച്ച് വെള്ളം കുടിക്കുന്നതിൽ എന്ത് ശ്രദ്ധിക്കാനാണ്? ആവശ്യമുള്ളപ്പോൾ കിട്ടിയത് കുടിക്കും എന്നാണ് ചിന്താഗതിയെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. എന്നുമാത്രമല്ല,
അത് ദോഷമാണ്, ആരോഗ്യത്തെ നശിപ്പിക്കും എന്ന് കൂടി അറിയുക. കുറച്ചു വിവേകത്തോടെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളം കുടിയും ആരോഗ്യപൂർണമാക്കാം.
രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം ഒരാൾ കുടിക്കണം എന്ന് പറയുമ്പോൾ വെള്ളം അടങ്ങിയതെല്ലാം കൂടി കൂട്ടിയാൽ മതിയാകും. എന്നാൽ, കിഡ്നി സംബന്ധമായ രോഗമുള്ളവർ അത്യാവശ്യത്തിനുള്ള വെള്ളമേ കുടിക്കാവൂ.
പലരും പ്രഭാതം ആരംഭിക്കുന്നതുതന്നെ വെള്ളം കുടിച്ചുകൊണ്ടാണ്. തിളപ്പിച്ചാറ്റിയ വെള്ളമോ, ചെമ്പ് പാത്രത്തിൽ രാത്രി വച്ചിരുന്ന വെള്ളമോ, തലേദിവസം ചൂടാക്കിയ വെള്ളമാണെങ്കിൽ വീണ്ടും ചൂടാക്കാതെയോ രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് നല്ലതാണ്. എന്നാൽ രാവിലെ ആഹാരത്തിനു മുമ്പ് ചായയോ കാപ്പിയോ കുടിക്കുന്നത് ഒട്ടും നല്ല ശീലമല്ല. ഗ്രീൻ ടീ യെക്കാൾ നല്ലതാണ് അതേ രീതിയിൽ തന്നെ ഉണ്ടാക്കുന്ന കഷായങ്ങൾ അഥവാ ഡിക്കോക്ഷൻ.
ഔഷധ ദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ വെള്ളമാണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം മരുന്ന് എന്ന കണക്കിന് പൊടിച്ചുചേർത്ത് പകുതിയാക്കി വറ്റിച്ച് അരിച്ച് ആവശ്യത്തിന് കുടിക്കണം. അല്ലാതെ അൽപ്പമൊന്ന് ചൂടാക്കുകയോ തിളപ്പിക്കുകയോ ചെയ്താൽ മരുന്നു കൊണ്ടുള്ള പ്രയോജനം കിട്ടണമെന്നില്ല.
ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് ചേർത്ത് ഉപയോഗിക്കരുത്. നല്ല ചൂടോടുകൂടിയും കുടിക്കാൻ പാടില്ല.
വെള്ളം പാകപ്പെടുത്താൻ ചേർക്കുന്ന മരുന്നിനെ ആശ്രയിച്ചാണ് പ്രയോജനം ലഭിക്കുന്നത്. ഉദാഹരണത്തിന് ജീരകം, അയമോദകം, ചുക്ക് തുടങ്ങിയവ ചേർത്തുണ്ടാക്കിയ വെള്ളവും, ചൂടുവെള്ളവും ദഹനത്തെ സഹായിക്കുമ്പോൾ പതിമുഖം, നറുനീണ്ടി, രാമച്ചം ഇവയിട്ട് തിളപ്പിച്ച വെള്ളം ആഹാരത്തോടൊപ്പം കുടിക്കുന്നത് ദഹനത്തെ കുറയ്ക്കുന്നതാണ്. എന്നാൽ വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിന് ആഹാരത്തിന്റെ കൂടെയല്ലാതെ ഇവ ഉപയോഗിക്കാം.
ദഹിക്കാൻ പ്രയാസമുള്ള ആഹാരം കഴിച്ചശേഷം പലവിധ പഴങ്ങൾ ചേർത്തുണ്ടാക്കിയ ജൂസ്, ഫ്രൂട്ട് സലാഡ്,ഐസ്ക്രീം, മധുരപലഹാരങ്ങൾ, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുന്നത് ദഹനത്തെ കുറയ്ക്കുമെന്നു മാത്രമല്ല അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കുകയും ചെയ്യും.
അതിനാൽ ഇവ ആഹാരത്തിന്റെ കൂടെയല്ലാതെ ഉപയോഗിക്കുന്നതാണ് നല്ലത്.
മറ്റു പല കാരണങ്ങളാൽ കോളയും നല്ലതല്ല. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് ഒരു വെള്ളവും പ്രധാന ആഹാരത്തോടൊപ്പം കുടിക്കാൻ പാടില്ല.
വേനൽക്കാലത്ത് നാരങ്ങാ വെള്ളം,മോരിൻ വെള്ളം,പതിമുഖം,നറുനീണ്ടി ഇവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നല്ലതാണ്. മണ്ണുകൊണ്ടുള്ള കൂജയിൽ വെള്ളം നിറച്ച് രാമച്ചവും നറുനീണ്ടിയും ചതച്ച് കിഴികെട്ടിയിട്ട് അല്പംമാത്രം പച്ചക്കർപ്പൂരവുമിട്ട് കുടിക്കാവുന്നതാണ്.
അമിതമായി ഉഷ്ണം അനുഭവപ്പെടുന്നവർക്കും വെള്ളപോക്കിന്റെ അസുഖത്തിനും 10 ഗ്രാം കൊത്തമല്ലി കിഴികെട്ടി കഞ്ഞിവെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കുടിക്കണം.
അധികവെള്ളം അരുത്
ആഹാരത്തിനൊപ്പം അധികമായി വെള്ളം കുടിക്കരുത്. ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ ആവശ്യമനുസരിച്ച് വെള്ളം കുടിക്കാം. ആഹാരത്തിന് തൊട്ടുമുമ്പ് കുടിക്കുന്ന വെള്ളം വിശപ്പിനെ നശിപ്പിച്ചുകളയും. ആഹാരത്തിനുശേഷമായാൽ അമിതവണ്ണം ഉണ്ടാക്കും.ആഹാരത്തിനൊപ്പം കുറേശ്ശെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ശരിയായ ദഹനത്തിനും നല്ലതാണ്.
അമിതമായി വെള്ളം കുടിക്കുന്നത് വയറിളക്കത്തിന് കാരണമാകും. പ്രത്യേകിച്ചും കപ്പലണ്ടി തുടങ്ങിയ എണ്ണക്കുരുക്കൾക്കും എണ്ണ ചേർത്ത ആഹാരത്തിനൊപ്പവും ശേഷവും.
ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ആഹാരത്തിനും, ധാന്യങ്ങൾ അരച്ചോ പൊടിച്ചോ ഉണ്ടാക്കുന്ന ആഹാരത്തിനുമൊപ്പം ചൂടുവെള്ളം മാത്രമേ കുടിക്കാവൂ.
ശുദ്ധജലം ആരോഗ്യം വർദ്ധിപ്പിക്കാൻ നല്ലതാണ്.പഴച്ചാറുകൾ ഏതെങ്കിലും ഒന്ന് മാത്രമായി ഉപയോഗിക്കുന്നതാണ് നല്ലത്.ഉദാഹരണത്തിന് ഓറഞ്ച്, പൈനാപ്പിൾ മുതലായവ.
ഗുളിക വിഴുങ്ങുന്നതിന് തണുത്തവെള്ളം, ചായ, കാപ്പി, സോഡാ, നാരങ്ങാ വെള്ളം ഇവയൊന്നും ഉപയോഗിക്കരുത്. പകരം ചൂടാറ്റിയ വെള്ളമാണ് നല്ലത്. മരുന്നിനൊപ്പം അധികം വെള്ളം കുടിക്കരുത്. മരുന്നിന്റെ വീര്യം കുറഞ്ഞുപോകാൻ അത് കാരണമാകും.ചില മരുന്നുകൾ നേർപ്പിച്ച് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ ഡോക്ടറുടെ പ്രത്യേക നിർദ്ദേശമില്ലാത്തപ്പോൾ ചൂടാറ്റിയ വെള്ളമാണ് ഉപയോഗിക്കേണ്ടത്.
ദഹിക്കാൻ വളരെ പ്രയാസമുള്ള മൈദ കൊണ്ടുള്ള ആഹാരത്തിനും ബിരിയാണിക്കും എണ്ണയിൽ വറുത്തവയ്ക്കും ഒപ്പം ഒരു കാരണവശാലും ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച വെള്ളം കുടിക്കരുത്.